2019ലേത് പോലെ എല്‍ഡിഎഫിന് മറ്റൊരു പ്രഹരമായി 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പും. 20 ലോക്‌സഭ മണ്ഡലങ്ങളിലെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ 18 മണ്ഡലങ്ങളില്‍ യുഡിഎഫും ഓരോ സീറ്റ് വീതം എല്‍ഡിഎഫും എന്‍ഡിഎയും നേടി. കേരളത്തില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ ഇടതുമുന്നണി ഇത്തവണയും ഒരു സീറ്റിലേക്ക് ചുരുങ്ങുന്ന ദയനീയ കാഴ്ചയായിരുന്നു. ആലപ്പുഴ കൈവിട്ടെങ്കിലും ആലത്തൂര്‍ നേടി അവശേഷിച്ച ഒരുതരി കനല്‍ നിലനിര്‍ത്താന്‍ എല്‍ഡിഎഫിനായി. ആലത്തൂരില്‍ സിറ്റിങ്ങ് എംപി രമ്യാ ഹരിദാസിനെ കെ രാധാകൃഷ്ണന്‍ മറികടന്നത് മാത്രമാണ് എല്‍ഡിഎഫിന് ഏക ആശ്വാസം. കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു എന്ന പ്രത്യേകതയുമുണ്ടായി. 75,000ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയയാണ് സുരേഷ് ഗോപി വിജയിച്ചത്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ എട്ടുവര്‍ഷത്തെ ഭരണത്തിനെതിരായ അമര്‍ഷമാണ് യുഡിഎഫിന് അനുകൂലമായി പ്രവര്‍ത്തിച്ച പ്രധാന ഘടകം. സിപിഐഎം അനുഭാവികള്‍ക്കിടയില്‍ ഉള്‍പ്പെടെ കേരളത്തിലുടനീളം ഇത് പ്രകടമായിരുന്നു. എല്‍ഡിഎഫ് ഭരണത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ട് അഭ്യര്‍ഥിക്കാതെ, പകരം പൗരത്വ ഭേദഗതി നിയമത്തില്‍ (സിഎഎ) പ്രചാരണം കേന്ദ്രീകരിച്ചാണ് സിപിഐഎം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. അതേസമയം, കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന്റെയും കേരളത്തിലെ ഇടതു സര്‍ക്കാരിന്റെയും ദുര്‍ഭരണത്തിനെതിരെയുമായിരുന്നു കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്.
മുന്‍ ലോക്സഭാ തെരഞ്ഞെടുപ്പുകളിലും കേരളത്തിലെ വോട്ടര്‍മാര്‍ അധികാരത്തിത്തിലിരിക്കുന്ന സര്‍ക്കാരിനെ കൈവിട്ട ചരിത്രമുണ്ട്. 2019ല്‍ 20ല്‍ 19 സീറ്റും നേടി കോണ്‍ഗ്രസ് കേരളം തൂത്തുവാരി. ശബരിമല വിഷയത്തില്‍ ഹിന്ദു വോട്ടര്‍മാരുടെ പ്രതിഷേധമാണ് അക്കുറി ഇടതുമുന്നണിക്ക് തിരിച്ചടിയായ ഘടകങ്ങളിലൊന്ന്. 2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെതിരെ ജനങ്ങള്‍ വോട്ട് ചെയ്ത് കേരളത്തലെ ഇടതുപക്ഷത്തെ ജയിപ്പിച്ച ചരിത്രവുമുണ്ട്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലേക്ക് പോയ മുസ്ലിം- ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ ഇക്കുറി കോണ്‍ഗ്രസിന് കഴിഞ്ഞു എന്നുവേണം മനസിലാക്കാന്‍. ക്രിസ്ത്യന്‍ വോട്ടുകള്‍ നേടിയെടുക്കാന്‍ ബിജെപി ശ്രമം നടത്തിയപ്പോള്‍, മുസ്ലിം വോട്ടുകളിലേക്കാണ് സിപിഎം കണ്ണുനട്ടത്.
കേരളത്തിലെ സിപിഎമ്മിന്റെ ഏക തിരഞ്ഞെടുപ്പ് ആയുധം സിഎഎ ആയിരുന്നു. നവകേരള യാത്രയില്‍ ഉള്‍പ്പെടെ സിഎഎയാണ് സിപിഎം ഉയര്‍ത്തിക്കാട്ടിയത്. സിഎഎയില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്നും മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൂന്നാം തവണയും ബിജെപിയുടെ തിരിച്ചുവരവില്‍ ആശങ്കയുണ്ടായിരുന്ന ന്യൂനപക്ഷങ്ങള്‍, കേരളത്തിനു പുറത്തേക്കു വളരാത്ത ഇടതുപക്ഷത്തെക്കാള്‍ ദേശീയ തലത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസാണ് ഭേദം കോണ്‍ഗ്രസാണെന്ന് അനുമാനിച്ചിരിക്കാം. കൂടാതെ, കേരളത്തില്‍ ആരോപിക്കപ്പെടുന്ന സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് യുഡിഎഫ് ശക്തമായി പ്രചാരണം നടത്തി.
ക്രിസ്ത്യന്‍ വോട്ടുകളുടെ ഒരു ഭാഗം ബിജെപി നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ക്രൈസ്തവ ജനസമ്പര്‍ക്ക പരിപാടികള്‍ പാര്‍ട്ടി നടത്തിയിരുന്നെങ്കിലും കേരളത്തിലെ ക്രിസ്ത്യാനികള്‍ കോണ്‍ഗ്രസിനൊപ്പം നിന്നെന്നാണ് വോട്ടിംഗ് രീതി വ്യക്തമാക്കുന്നത്. ക്രിസ്ത്യാനികള്‍ വലിയ തോതില്‍ ഉള്ള മധ്യകേരള ജില്ലകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. അതേസമയം തൃശൂരിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ തുണച്ചത് ബിജെപിയെയാണെന്ന് വേണം കരുതാന്‍. ജയന്റ് കില്ലര്‍ എന്നുവിളിക്കുന്ന കെ മുരളീധരന്‍ വോട്ടെണ്ണലിന്റെ ഒരു സമയത്ത് പോലും ലീഡ് വര്‍ധിപ്പിച്ചില്ല എന്നത് യുഡിഎഫിന് വന്‍ തിരിച്ചടിയായി. തൃശൂരില്‍ മത്സരം സുരേഷ്ഗോപിയും സുനില്‍കുമാറും തമ്മിലായിരുന്നു. കെ മുരളീധരന്‍ ചിത്രത്തിലേയില്ലായിരുന്നു എന്നാണ് ഫലം വ്യക്തമാക്കുന്നത്.
കേരളത്തിലെ ഏറ്റവും ജനപ്രിയ സ്ഥാനാര്‍ത്ഥിയായ കെ.കെ ശൈലജയും യുഡിഎഫിന്റെ യുവനേതാവ് ഷാഫി പറമ്പിലും തമ്മിലുള്ള വാശിയേറിയ പോരാട്ടമാണ് വടകരയില്‍ പ്രതീക്ഷിച്ചതെങ്കിലും, വോട്ടെണ്ണി തുടങ്ങിയതോടെ ശൈലജ ടീച്ചറെ പിന്നിലാക്കി ബഹുദൂരം ഷാഫി കുതിക്കുകയായിരുന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവുമധികം വോട്ട് നേടി വിജയിച്ച ശൈലജ ടീച്ചര്‍ക്ക് കനത്ത പ്രഹരമാണ് ഷാഫി നല്‍കിയത്. പൊന്നാനി, എറണാകുളം, മലപ്പുറം, വയനാട് ഉള്‍പ്പെടെ ഒമ്പത് മണ്ഡലങ്ങളില്‍ ലക്ഷം പിന്നിട്ട ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്. ആറ്റിങ്ങലില്‍ നന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു ഇടതുമുന്നണിയുടെ ഏക പ്രതീക്ഷ. എന്നാല്‍ ഫോട്ടോ ഫിനിഷില്‍ അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ തൂക്കി. തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ എടുക്കുമെന്ന് ഒരു ഘട്ടത്തില്‍ പ്രതീക്ഷിച്ചെങ്കിലും ശശി തരൂര്‍ തന്നെ നിലനിര്‍ത്തി.