ദില്ലി: ആറാം ഘട്ട ലോക് സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് അവസാനിച്ചു. രാജ്യ തലസ്ഥാനത്തടക്കം തെരഞ്ഞെടുപ്പ് നടന്ന ആറാം ഘട്ടത്തിൽ പൊതുവിൽ തണുപ്പൻ പ്രതികരണമാണ് കണ്ടത്. 6 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങള്‍ കൂടി വിധിയെഴുതിയതിൽ പശ്ചിമ ബംഗാളിൽ മാത്രമാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയത്. ബംഗാളിൽ 80 ശതമാനത്തിലേറെ പോളിംഗ് നടന്നതെന്നാണ് വ്യക്തമാകുന്നത്. ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുണ്ടായിരുന്ന യു പിയിലാണ് പോളിംഗ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. ദില്ലിയിലും താരതമ്യേന പോളിംഗ് കുറവാണ് രേഖപ്പെടുത്തിയത്.
6 മണി വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം 58 മണ്ഡലങ്ങളിലായി 60 ശതമാനത്തിൽ താഴെ മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ദില്ലിയിൽ 53.73 ശതമാനം പോളിംഗും യു പിയിൽ 52 ശതമാനം പോളിംഗും ഹരിയാനയിൽ 55.93 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയത്. ജമ്മു കശ്മീരിൽ 51.35 ശതമാനം, ജാർഖണ്ട് 61.41 ശതമാനം, ബിഹാർ 52.24 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് കണക്കുകൾ.
രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, തുടങ്ങിയവര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഇന്ന് 58 മണ്ഡലങ്ങളില്‍ കൂടി വിധി കുറിച്ചതോടെ മൊത്തം 486 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പൂർത്തിയായി. 57മണ്ഡലങ്ങള്‍ മാത്രമാണ് ഇനി ജനവിധി കുറിക്കാനുള്ളത്. ശേഷം 2024 ൽ ഇന്ത്യ ആര് ഭരിക്കുമെന്ന് അറിയാൻ ജൂൺ 4 വരെയുള്ള കാത്തിരിപ്പാണ്.
Lok Sabha Election 2024 Voting Live Updates: 60 % Voter Turnout Till 6 PM