ഡല്‍ഹി: ഇന്ത്യ അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കണമെന്ന ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആകാംക്ഷയുടെ മുൾമുനയിലാണ് രാജ്യം. ഏഴ് ഘട്ടങ്ങളിലായി നടന്ന ജനവിധി ഇന്ന് രാവിലെ എട്ട് മണി മുതൽ എണ്ണിതുടങ്ങും. എട്ടരയോടെ ആദ്യ ഫല സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ. ഹാട്രിക് ജയത്തോടെ രാജ്യ ഭരണം ഉറപ്പിച്ചുള്ള വിജയാഘോഷത്തിനുള്ള ഒരുക്കം ഇതിനകം ബി ജെ പി തുടങ്ങിയിട്ടുണ്ട്. എന്നാൽ പെയ്ഡ് എക്സിറ്റ്പോളുകൾ പൊളിയുമെന്നും ഇന്ത്യ മുന്നണി അധികാരത്തിലേറുമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ അവകാശവാദം.
ഏഴ് ഘട്ടങ്ങളിലായി രണ്ടര മാസത്തിലധികം നീണ്ടു നിന്ന തെരഞ്ഞെടുപ്പിനൊടുവിലാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. എട്ടരയോടെ ആദ്യ ഫല സൂചന ലഭിക്കുമെന്നും 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. എക്സിറ്റ് പോളുകളെല്ലാം തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ കുതിപ്പ് പ്രവചിച്ചതിന്‍റെ വലിയ ആത്മവിശ്വസത്തിലാണ് മോദിയും കൂട്ടരും. എൻ ഡി എയ്ക്ക് 400 എന്ന ലക്ഷ്യം പ്രഖ്യാപിച്ചായിരുന്നു ബി ജെ പി തെരഞ്ഞെടുപ്പിനിറങ്ങിയത്. അഞ്ച് എക്സിറ്റ് പോളുകൾ ഈ സംഖ്യയോട് ചേർന്ന് നിൽക്കുന്നതാണ്.
എന്നാല്‍ എക്സിറ്റ്പോളുകൾ തള്ളിയ ഇന്ത്യ സഖ്യം 295 സീറ്റ് നേടി അധികാരം പിടിക്കുമെന്ന പ്രഖ്യാപനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. എക്സിറ്റ് പോളുകൾക്ക് നേർ വിപരീതമായിരിക്കും യഥാർത്ഥ ഫലമെന്നാണ് കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയടക്കമുള്ളവർ പറയുന്നത്.
lok sabha election result live updates