തിരുവന്തപുരം: “ഈ തൃശൂർ എനിക്ക് വേണം. ഈ തൃശൂർ എനിക്ക് നിങ്ങൾ തരണം. ഈ തൃശൂർ ഞാൻ ഇങ്ങ് എടുക്കുവാ…” ആദ്യമായി തൃശൂരിൽ സ്ഥാനാർത്ഥിയായി എത്തിയപ്പോൾ സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ഇന്ന് അന്വർത്ഥമായിരിക്കുന്നു. തൃശൂരിലെ ജനങ്ങൾ സുരേഷ് ഗോപിക്ക് തൃശൂർ കൊടുത്തു.
ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് പുരോഗമിക്കുമ്പോൾ ഏകപക്ഷിയമായ വിജയമാണ് തൃശൂരില്‍ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി കാഴ്ചവയ്ക്കുന്നത്. ഒരു മണി വരെയുള്ള കണക്കുകൾ പ്രകാരം 74000 കടന്നു. രണ്ടാം സ്ഥാനത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറാണ്. വടകരയിൽ നിന്നും തൃശ്ശൂരിലെത്തിയ യു ഡി എഫിന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്താണ്.
തിരുവനന്തപുരത്തെ വീട്ടിൽ മധുരം വിളമ്പി ആഘോഷിക്കുകയാണ് സുരേഷ് ഗോപിയും കുടുംബവും. ഭാര്യ രാധികയും മക്കളും മരുമകനും ചേര്‍ന്നാണ് പായസം വിതരണം ചെയ്തത്. തന്റെ കഷ്ടപ്പാടിന്റെ ഫലമാണ് ഈ വിജയമെന്നും, ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ പ്രജാദൈവങ്ങളോട് നന്ദി പറയുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൃശൂരിലേക്ക് പോകാനുള്ള ഒരുക്കത്തിലാണെന്നും അവിടെ എത്തിയശേഷം കൂടുതൽ പ്രതികരിക്കാമെന്നുമാണ് വ്യക്തമാക്കിയത്.