ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലേയുമടക്കം മൊത്തം 58 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ഇന്ന് നടക്കുക. ദില്ലിയിലെ ഏഴും, ഹരിയാനയിലെ പത്തും സീറ്റുകള്‍ക്ക് പുറമേ ഉത്തര്‍ പ്രദേശിലെ 14 ഉം ബീഹാറിലെ 8 ഉം ഒഡീഷയിലെ 6 ഉം പശ്ചിമ ബംഗാളിലെ 8 ഉം ജാര്‍ഖണ്ഡിലെ 4ഉം ജമ്മുകാശ്മീരിലെ ഒരു സീറ്റിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.
58 സീറ്റുകളിലായി ആറാം ഘട്ടത്തില്‍ മത്സരിക്കുന്ന 889 സ്ഥാനാര്‍ത്ഥികളുടെ വിധി 11 കോടിയിലധികം വോട്ടര്‍മാര്‍ തീരുമാനിക്കും. ഈ മണ്ഡലങ്ങളില്‍ കൂടി തിരഞ്ഞെടുപ്പ് നടക്കുന്നതോടെ 486 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് കഴിയും. ഏഴാം ഘട്ടത്തില്‍ 57 മണ്ഡലങ്ങളാണുള്ളത്.
അവസാന ഘട്ടത്തില്‍ ബിജെപി നേതാക്കളായ മേനക ഗാന്ധി, മനോജ് തിവാരി, ജമ്മു ആന്‍ഡ് കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മെഹബൂബ മുഫ്തി, കോണ്‍ഗ്രസിന്റെ കനയ്യ കുമാര്‍ തുടങ്ങി നിരവധി സീറ്റുകളില്‍ പ്രമുഖ സ്ഥാനാര്‍ത്ഥികളെ കാണാം.
ഒഡീഷ സംസ്ഥാന നിയമസഭയിലേക്കുള്ള 42 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരേസമയം വോട്ടെടുപ്പ് നടക്കും. ബിജെപിയുടെ മനോജ് തിവാരി, ബന്‍സുരി സ്വരാജ്, കോണ്‍ഗ്രസിന്റെ കനയ്യ കുമാര്‍, ഉദിത് രാജ്, ആം ആദ്മി പാര്‍ട്ടിയുടെ സോമനാഥ് ഭാരതി എന്നിവര്‍ രാജ്യതലസ്ഥാനത്ത് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികളാണ്. ഹരിയാനയിലെ 10 സീറ്റുകളിലും ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. കര്‍ണാലില്‍ മത്സരിക്കുന്ന മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിജെപിയുടെ റാവു ഇന്ദര്‍ജിത് സിംഗ്, നവീന്‍ ജിന്‍ഡാല്‍ എന്നിവരും യഥാക്രമം ഗുരുഗ്രാം, കുരുക്ഷേത്ര സീറ്റുകളില്‍ മത്സരിക്കുന്നു.
ജമ്മു കശ്മീരിലെ അനന്ത്‌നാഗ്-രജൗരി മണ്ഡലത്തിലും വോട്ടെടുപ്പ് നടക്കും. മെയ് 7 നാണ് ആദ്യം വോട്ടെടുപ്പ് നടത്താനിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവെക്കുകയായിരുന്നു.