ന്യൂഡല്‍ഹി: ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പുറത്തിറക്കുമെന്ന് വൃത്തങ്ങള്‍ സൂചന നല്‍കി. പട്ടിക വൈകിട്ട് ആറിന് ബിജെപി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നാണ് ഇതിനോടകം ലഭിക്കുന്ന വിവരം. പട്ടികയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രാത്രി വൈകിയുള്ള യോഗങ്ങള്‍ നടന്നിരുന്നു. ഇതിനു ശേഷമാണ് പട്ടിക എത്തുമെന്ന് കരുതപ്പെടുന്നത്.
വരുന്ന ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രധാന നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) വ്യാഴാഴ്ച രാത്രി യോഗം ചേര്‍ന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപനത്തിന് മുമ്പ് ലോക്സഭാ സീറ്റുകളിലേക്കുള്ള തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് എന്‍ഡിഎ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്തിലെ ഭൂപേന്ദ്ര പട്ടേല്‍, മധ്യപ്രദേശിലെ മോഹന്‍ യാദവ്, ഛത്തീസ്ഗഡിലെ വിഷ്ണു ദേവ് സായ്, ഉത്തരാഖണ്ഡിലെ പുഷ്‌കര്‍ സിംഗ് ധാമി, ഗോവയില്‍ നിന്നുള്ള പ്രമോദ് സാവന്ത് എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെ 100-ലധികം പേരുകള്‍ ബിജെപി പ്രഖ്യാപിച്ചേക്കുമെന്ന് വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.