ന്യൂഡല്‍ഹി: ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 43 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക കോണ്‍ഗ്രസ് ചൊവ്വാഴ്ച പുറത്തിറക്കി. രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, അസം എന്നിവിടങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്.
പട്ടികയില്‍ 10 ജനറല്‍ വിഭാഗക്കാര്‍, 13 പേര്‍ ഒബിസി, 10 പേര്‍ പട്ടികജാതി, 9 പേര്‍ പട്ടികവര്‍ഗം, ഒരാള്‍ മുസ്ലീം എന്നിങ്ങനെയാണ് ഇടംപിടിച്ചിരിക്കുന്നതെന്ന് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പുറത്തിറക്കുന്ന രണ്ടാമത്തെ പട്ടികയാണിത്. ആദ്യ പട്ടികയില്‍ 39 പേരാണുണ്ടായിരുന്നത്.
പട്ടികയില്‍ അസമില്‍ നിന്ന് 12, ഗുജറാത്തില്‍ നിന്ന് 7, മധ്യപ്രദേശില്‍ നിന്ന് 10, രാജസ്ഥാനില്‍ നിന്ന് 10, ദാമന്‍ ആന്‍ഡ് ദിയുവില്‍ നിന്ന് 1 എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികളുള്ളത്.
കമല്‍നാഥും അശോക് ഗെലോട്ടും ഉള്‍പ്പെടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ പട്ടികയിലിടംപിടിച്ചിട്ടുണ്ട്.
അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകന്‍ ഗൗരവ് ഗൊഗോയ് ജോര്‍ഹട്ടില്‍ മത്സരിക്കും. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ നിന്ന് പോരിനിറങ്ങും. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ടിനെ രാജസ്ഥാനിലെ ജലോറില്‍ നിന്ന് മത്സരിപ്പിക്കും. അതേസമയം, സച്ചിന്‍ പൈലറ്റിന്റെ പേര് രണ്ടാം പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല.
ബിജെപി ടിക്കറ്റ് നിഷേധിച്ച രാഹുല്‍ കസ്വാന്‍ രാജസ്ഥാനിലെ ചുരുവില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും പട്ടിക വ്യക്തമാക്കുന്നു.
Lok Sabha Elections: Congress with second list of 43 candidates