വാഷിംഗ്ടണ്‍: ഇന്ത്യയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ ‘ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ’ എന്ന് വിശേഷിപ്പിച്ച് യുഎസ്. മാത്രമല്ല, ബൃഹത്തായ തിരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ഇന്ത്യന്‍ സര്‍ക്കാരിനെയും വോട്ടര്‍മാരെയും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ അഭിനന്ദിച്ചു. അതേസമയം തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതില്‍ നിന്ന് യു.എസ് വിട്ടുനിന്നു.
‘യുണൈറ്റഡ് സ്റ്റേറ്റ്‌സിന് വേണ്ടി, ഇത്തരമൊരു ബൃഹത്തായ തിരഞ്ഞെടുപ്പ് സംരംഭം വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും അതില്‍ പങ്കെടുത്തതിനും ഇന്ത്യന്‍ സര്‍ക്കാരിനെയും അവിടുത്തെ വോട്ടര്‍മാരെയും അഭിനന്ദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അന്തിമ ഫലങ്ങള്‍ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ എന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ലോക്സഭയില്‍ ഭൂരിപക്ഷം ലഭിച്ചതോടെ തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറെടുക്കുകയാണ്. തെരഞ്ഞെടുപ്പില്‍, 543 അംഗ ലോക്സഭയില്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) 240 സീറ്റുകളില്‍ വിജയിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.