കേന്ദ്ര മന്ത്രിമാരുടെയടക്കം സമവായനീക്കങ്ങൾ പാളിയതോടെ ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം ഉറപ്പായി. ഇന്ത്യാ മുന്നണി സ്ഥാനാർത്ഥിയായി കൊടിക്കുന്നിൽ സുരേഷ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചതോടെയാണ് മത്സരം ഉറപ്പായത്. ഓം ബിർളയെ ഒരിക്കൽ കൂടി സ്പീക്കർ ആക്കാൻ നേരത്തെ എൻ ഡി എ തീരുമാനിച്ചിരുന്നു.
ഇതിനു പിന്നാലെ മത്സരം ഒഴിവാക്കാൻ കേന്ദ്ര മന്ത്രിമാർ പ്രതിപക്ഷ നേതാക്കളെ സമീപിച്ചിരുന്നു. കൊടിക്കുന്നിൽ സുരേഷിനെ ഡെപ്യൂട്ടി സ്പീക്കർ ആക്കിയാൽ മത്സരം ഒഴിവാക്കാം എന്ന് പ്രതിപക്ഷം നിലപാടെടുത്തു. ഇത് എൻ ഡി എ തള്ളിയതോടെയാണ് കൊടിക്കുന്നിൽ പത്രിക സമർപ്പിച്ചത്. ഇതിന് പിന്നാലെ എൻ ഡി എ സ്ഥാനാർത്ഥി ഓം ബിർലയും നാമനിർദേശ പത്രിക സമർപ്പിച്ചു.