ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാതെ അയച്ച ലോകായുക്ത നിയമഭേദഗതി ബിൽ രാഷ്ട്രപതി അംഗീകരിച്ചു. സെക്ഷൻ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബില്ലാണ് രാഷ്ട്രപതി അംഗീകരിച്ചത്. നിയമസഭ പാസാക്കിയ ബിൽ ഒപ്പിടാതെ ഗവർണർ രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു.
ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ കേരളം നൽകിയ കേസ് പരിഗണിക്കുന്നതിന്റെ തലേ ദിവസമാണ് ഗവർണർ ബിൽ രാഷ്ട്രപതിക്ക് അയച്ചത്. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബില്ലാണ് കേരള നിയമസഭ പാസ്സാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ല്. ഈ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോയത്. തുടർന്ന് കേരള നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ ഒപ്പിടാതെ വൈകിപ്പിക്കുന്നതിനെതിരേ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ലോകായുക്ത നിയമഭേദഗതി ബിൽ ഉൾപ്പടെ ഏഴ് സുപ്രധാന ബില്ലുകളിന്മേൽ തീരുമാനം ഗവർണർ രാഷ്ട്രപതിക്ക് വിട്ടിരുന്നു. സര്‍വകലാശാല ഭേദഗതി ബില്‍ (രണ്ടെണ്ണം), ചാന്‍സലര്‍ ബില്‍, സഹകരണ നിയമഭേദഗതി ബില്‍, സേര്‍ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നിവയെല്ലാം ഗവർണർ രാഷ്ട്രപതിക്ക് വിട്ടിരുന്നു.