മൈസൂരു: മുഡ കേസുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലോകായുക്ത പൊലീസ് ബുധനാഴ്ച രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. മൈസൂർ ലോകായുക്ത സൂപ്രണ്ട് ടിജെ ഉദേഷിൻ്റെ ഓഫീസിൽവെച്ചായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 10.10ഓടെ എത്തിയ മുഖ്യമന്ത്രിയെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ഉച്ചക്ക് പുറത്തുവിട്ടു.
പുറത്തിറങ്ങിയ ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരു നഗരത്തിലെ സർക്കാർ അതിഥി മന്ദിരത്തിലെത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കാനും തനിക്ക് മുഖ്യമന്ത്രിയെന്ന ഇളവ് നൽകരുതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താൻ മുഖ്യമന്ത്രിയാണെന്ന കാര്യം പരിഗണിക്കാതെ, അന്വേഷണത്തിന് ആവശ്യമായ എല്ലാ ചോദ്യങ്ങളും തന്നോട് ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം.
ഭൂമി അനുവദിക്കൽ, പരിവർത്തനം, ഒടുവിൽ അനുവദിച്ച സൈറ്റുകൾ തിരികെ നൽകൽ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
മുഡയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയുടെ ചരിത്രത്തിൽ അധികാരത്തിലിരിക്കെ ലോകായുക്ത അന്വേഷണം നേരിടുന്ന ആദ്യ മുഖ്യമന്ത്രിയാണ് അദ്ദേഹം.
lokayukta police questioned cm siddaramaiah