ബെംഗളൂരു: മൈസൂരുവിലെ ഭൂമിയിടപാടില്‍(മുഡ) ക്രമക്കേടു നടത്തിയെന്ന ആരോപണത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ കേസെടുത്ത് ലോകായുക്ത പൊലീസ്.
സിദ്ധരാമയ്യയ്ക്കെതിരെ അന്വേഷണം നടത്തി 3 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോകായുക്ത പൊലീസിനു ജനപ്രതിനിധികളുടെ പ്രത്യേക കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്തത്. അന്വേഷണത്തിന് ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് നല്‍കിയ അനുമതി ചോദ്യംചെയ്ത് സിദ്ധരാമയ്യ സമര്‍പ്പിച്ച ഹര്‍ജി തള്ളികൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താമെന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചും വിധിച്ചിരുന്നു.
1988ലെ അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ്, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 218ാം വകുപ്പ് എന്നിവ പ്രകാരമാണ് കുറ്റവിചാരണ ചെയ്യാന്‍ ഓഗസ്റ്റ് 17ന് ഗവര്‍ണര്‍ അനുമതി നല്‍കിയത്. എന്നാല്‍, അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം മാത്രമേ മുഖ്യമന്ത്രിക്കെതിരെ നടത്തേണ്ടതുള്ളൂവെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.