മാമ്പഴത്തിന് 2,400 രൂപ, പാവക്കയ്ക്ക് 1000, മാഗിക്കാണേല്‍ 300 രൂപയും! ഞെട്ടിയല്ലേ…

എന്തു വാങ്ങിയാലും വിലക്കുറവ് അന്വേഷിക്കുന്നവരാണ് നമുക്കിടയില്‍ പലരും. ഒന്നു വാങ്ങുമ്പോള്‍ ഒന്ന് ഫ്രീ കിട്ടിയാല്‍ അത്രയും സന്തോഷം. എന്നാല്‍ 20 രൂപ വിലയുള്ള ലേസ് മാജിക് മസാലയുടെ ഒരു പാക്കറ്റ് വാങ്ങാന്‍ 95 രൂപ കൊടുക്കേണ്ടി വന്നാലോ?. മാഗിയുടെ ചെറിയൊരു പാക്കറ്റിന് 98 രൂപയാണ് വാങ്ങുന്നതെങ്കിലോ? ഇതൊക്കെ പോട്ടെ, ഒരു കിലോ പാവക്കയ്ക്ക് 1000 രൂപകൊടുക്കുന്നതിനെപ്പറ്റി ചിന്തിക്കാനാകുന്നുണ്ടോ! എന്നാപ്പിന്നെ മാമ്പഴത്തിന്റെ വില കൂടി കേട്ടോ , 2400 !. ഞെട്ടല്‍ മാറുംമുമ്പ് ഒരു കാര്യം കൂടി പറയാം. ഇതെല്ലാം ലണ്ടനിലെ വിലയാണ് കേട്ടോ. ഈ വില വിവരങ്ങള്‍ വിശദീകരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ലണ്ടനില്‍ താമസമാക്കിയ ഡല്‍ഹി സ്വദേശിയായ ചാവി അഗര്‍വാള്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ഫോളോവേഴ്സിനെ ഞെട്ടിച്ച് സൈബറിടത്തില്‍ വൈറലായി മാറിയത്. ലണ്ടനിലെ ഒരു ഇന്ത്യന്‍ പലചരക്ക് കടയിലെ സാധനങ്ങളുടെ വിലവിവരങ്ങള്‍ വിശദമാക്കുന്ന വീഡിയോയില്‍ പല സാധനങ്ങളും നാട്ടിലെ വിലയുമായി താരതമ്യം ചെയ്താണ് ചാവി വിശദീകരിക്കുന്നത്.

വീഡിയോ പ്രകാരം, പനീറിന് 700 രൂപയും അല്‍ഫോന്‍സോ മാമ്പഴത്തിന് 2,400 രൂപയുമാണ് വില. വെണ്ടയ്ക്ക കിലോഗ്രാമിന് 650 രൂപ നിരക്കിലാണ് വില്‍പന. പാവയ്ക്കയാകട്ടെ കിലോഗ്രാമിന് 1,000 രൂപയും.

ചാവി അഗര്‍വാള്‍ ഈ മാസം ആദ്യമാണ് ഈ വീഡിയോ പങ്കുവെച്ചത്. പിന്നീടിത് നിരവധി ആളുകളിലേക്കെത്തുകയും വൈറലായി മാറുകയുമായിരുന്നു. വീഡിയോ 6 ദശലക്ഷത്തിലധികം കാഴ്ചക്കാരെയും 135,000-ലധികം ലൈക്കുകളും നേടി.

വില ഞെട്ടിച്ചുവെന്നാണ് മിക്കവരും കമന്റ് ചെയ്തതെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വരുമാന, ശമ്പള വ്യത്യാസം അടക്കം പലരും ചൂണ്ടിക്കാട്ടുന്നു. വില നോക്കി വാങ്ങാനാകില്ലെന്ന് ചിലര്‍ പറയുമ്പോള്‍, വില ഇത്രയുമാണെങ്കിലും അവശ്യ സാധനങ്ങള്‍ വാങ്ങാതെ പറ്റില്ലെന്നും പറയുന്നു. ഇത്തരം താരതമ്യങ്ങള്‍ ശരിയെല്ലന്നു പറയുന്നവരും, ഇന്ത്യയില്‍ത്തന്നെ ഒരേ സാധനങ്ങള്‍ക്ക് പലയിടത്തും പല വിലയല്ലേ എന്നു കമന്റ് ചെയ്തവരുമുണ്ട്.

More Stories from this section

family-dental
witywide