കൊവിഡ് എന്ന മാഹാമാരിയെ ലോകം വരുതിയിലാക്കി എങ്കിലും കൊവിഡിൻ്റെ പാർശ്വഫലങ്ങൾ പലരേയും അതി ഗുരുതരമായി തന്നെ ബാധിച്ചിട്ടുണ്ട്. കൊവിഡ് വൈറസ് ബാധമൂലമുണ്ടാകുന്ന ലോങ് കൊവിഡ് എന്ന അവസ്ഥയിലൂടെ കടന്നുപോയവരുടെ തലച്ചോറിൽ മാറ്റങ്ങൾ സംഭവിച്ചു എന്നാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഇക്കാരണത്താൽ നിരവധി പേർക്ക് വിട്ടുമാറാത്ത ക്ഷീണം, ഓർമക്കുറവ്, മാനസിക ബുദ്ധിമുട്ടുകൾ എന്നിവ ബാധിച്ചതായി കണ്ടെത്തി. ഇവരിൽ നടത്തിയ പഠനങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞ ഗവേഷണഫലമാണ് പുറത്തു വന്നിരിക്കുന്നത്. കൊവിഡ് ബാധ പലരുടേയും തലച്ചോറിൽ ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാക്കിയെന്നാണ് നേച്ചർ റിവ്യൂസ് മൈക്രോബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നത്. ലോകമെമ്പാടും കുറഞ്ഞത് 65 ദശലക്ഷം വ്യക്തികൾക്കെങ്കിലും ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്.
സയൻ്റിഫിക് റിപ്പോർട്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനത്തിൽ, നീണ്ട കൊവിഡ് ഉള്ളവരിൽ 90 ശതമാനം ആളുകൾക്കും ക്ഷീണം, മറവി, ബ്രെയിൻ ഫോഗ് എന്നിവ അനുഭവപ്പെടുന്നതായി പറയുന്നുണ്ട്. ഇത്തരക്കാരിൽ ചെറിയ തോതിലുള്ള മാനസിക പ്രശ്നങ്ങളായാണ് ഇത് പലതും പ്രത്യക്ഷപ്പെടുന്നത്. ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, പരിസരബോധം നഷ്ടമാവുക, മറവി ബാധിക്കുക തുടങ്ങിയ വിഷയങ്ങളാണ് ഇത്തരക്കാരെ അലട്ടുന്നത്.
സൈക്യാട്രി റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ, മാഡ്രിഡിലെ കംപ്ലൂട്ടൻസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തൽ വിശദീകരിക്കുന്നുണ്ട്. അവർ നിരവധി കോവിഡ് രോഗികളുടെ തലച്ചോറ് സ്കാൻ ചെയ്തു, ഈ രോഗികളിലെ തലച്ചോറിൻ്റെ ഘടനയിലും പ്രവർത്തനത്തിലും വന്ന മാറ്റങ്ങൾ വിലയിരുത്തി. ഈ രോഗികളിൽ 86 ശതമാനവും വിട്ടുമാറാത്ത ക്ഷീണം അനുഭവിക്കുന്നവരാണ്, ഇവർക്ക് ബ്രെയിൻ ഫോഗ് എന്ന അവസ്ഥയുമുണ്ട്. തലച്ചോറിൻ്റെ ഫ്രോണ്ടൽ ലോബിനേയും ടെമ്പറൽ ലോബിലേയും ഈ രോഗം മാറ്റിമറിച്ചതായാണ് സ്കാൻറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നമ്മുടെ മസ്തിഷ്കത്തിലുടനീളം വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന വൈറ്റ് മാറ്ററിലെ മാറ്റങ്ങളും ലോങ് കൊവിഡ് രോഗികളിൽ കണ്ടു. മ്യാൽജിക് എൻസെഫലോമൈലിറ്റിസ് അല്ലെങ്കിൽ ME എന്നും അറിയപ്പെടുന്ന ക്രോണിക് ഫാറ്റിഗ് സിൻഡ്രോമിൻ്റെ സമാന ലക്ഷണങ്ങളായിരുന്നു പലർക്കും വന്നത്.
Long COVID Changes Structure of brain says study report