ത്രസ്റ്ററുകളുടെ തകരാറുകള്‍ പരിഹരിച്ചു; ബഹിരാകാശത്തു നിന്നുള്ള സുനിതാ വില്യംസിന്റെ മടക്കയാത്ര ഉടൻ

ന്യൂയോർക്ക്: ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക തകരാറുകൾ കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ മടക്കയാത്ര അധികം വൈകില്ല. ത്രസ്റ്ററുകളുടെ തകരാറുകള്‍ പരിഹരിച്ചതായി ബോയിങ് സ്റ്റാര്‍ലൈനര്‍ സ്ഥിരീകരിച്ചു. അടുത്തയാഴ്ച്ച ഫ്ലൈറ്റ് ടെസ്റ്റ് നടത്തുമെന്നും ഓഗസ്റ്റ് പകുതിയോടെ പേടകം തിരിച്ചെത്തിക്കുമെന്നും കമ്പനി അറിയിച്ചു.

ജൂൺ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ സുനിതാ വില്യംസും സ‌ഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറുമായി ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. ജൂൺ 14ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു.

പിന്നീട് പലതവണ ഇരുവരുടെയും തിരിച്ചുള്ള യാത്ര മാറ്റിവച്ചു. സാങ്കേതിക തകരാറുകൾ പഠിക്കാൻ നാസയ്ക്ക് കൂടുതൽ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാൻ കാരണം. ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത് ദൗത്യം ദുഷ്കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്.

ഈ ദൗത്യത്തോടെ ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തിൽ പേടകം പറത്തുന്ന ആദ്യ വനിതയായി സുനിത മാറി. സുനിതാ വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയണിത്. 2006 ഡിസംബര്‍ ഒമ്പതിനാണ് ഡിസ്‌കവറി ബഹിരാകാശ പേടകത്തില്‍ സുനിത വില്യംസ് ആദ്യ ബഹിരകാശ യാത്ര നടത്തിയത്. 2012ല്‍ രണ്ടാമത്തെ യാത്ര നടത്തി.

More Stories from this section

family-dental
witywide