ചെന്നൈയിലെ 13 സ്കൂളുകളിൽ ബോംബ് ഭീഷണി; പരിഭ്രാന്തിയുടെ മണിക്കൂറുകൾ, ഒടുക്കം വ്യാജ സന്ദേശമെന്ന് പൊലീസ്

ചെന്നൈ: ചെന്നൈയിലെ 13 സ്‌കൂളുകളിലേക്കയച്ച ബോംബ് ഭീഷണി സന്ദേശത്തിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനാകാത്തതിനാൽ ലഭിച്ചതൊരു വ്യാജ സന്ദേശമാണെന്ന് അനുമാനിക്കുന്നതായി ചെന്നൈ പോലീസ് അറിയിച്ചു.

എല്ലാ സ്‌കൂളുകൾക്കും ബോംബ് ഭീഷണി അയച്ചത് ഒരേ മെയിൽ ഐഡിയിലൂടെയാണെന്നും ഈ ഇമെയിൽ അയച്ചയാളെ തിരിച്ചറിയാൻ പൊലീസ് നടപടി സ്വീകരിച്ചു വരികയാണെന്നും വൃത്തങ്ങൾ പറഞ്ഞു.

“ഭീഷണി ഒരു വ്യാജ സന്ദേശമാണെന്നാണ് മനസിലാക്കുന്നത്. അയച്ചയാൾ ഉപയോഗിക്കുന്ന മെയിൽ സേവനം പ്രോബ്ലമാറ്റിക് ആണ്. അതിനാൽ ആളെ പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. എന്നാൽ ഞങ്ങളുടെ അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഇമെയിൽ അയച്ചയാളെ തിരിച്ചറിയാനുള്ള നടപടികൾ ഞങ്ങൾ സ്വീകരിച്ചുവരികയാണ്. എല്ലാ സ്‌കൂളുകളിലും ഒരേ ഐഡിയിൽ നിന്നാണ് വന്നത്. സൈബർ ക്രൈം ടീമുകളും കേസിൽ പ്രവർത്തിക്കുന്നുണ്ട്,” പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 10.30 നും 11.00 നും ഇടയിലാണ് ഇമെയിൽ ശ്രദ്ധയിൽപെട്ടത്. ഇതോടെ നഗരം മൊത്തം പരിഭ്രാന്തിയിലായി. 13 സ്വകാര്യ സ്കൂളുകളിലാണ് ബോംബ് ഭീഷണി മെയിൽ ലഭിച്ചത്. ഉടൻ വിദ്യാർഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു. സംഭവം അറിഞ്ഞ ഉടൻ കുട്ടികളുടെ രക്ഷിതാക്കൾ ഗോപാലപുരം, മൊഗപ്പയർ, പാരീസ്, അണ്ണാനഗർ തുടങ്ങിയ പ്രദേശങ്ങളിലെ സ്‌കൂളുകളിലേക്ക് ഓടിയെത്തിയിരുന്നു. വൻ പൊലീസ് പൊലീസ് സംഘവും ഡോഗ് സ്ക്വാഡും മണിക്കൂറുകളോളം സ്കൂളുകളും ചുറ്റുപാടും അരിച്ചുപെറുക്കിയെങ്കിലും ബോംബിന്റെ സാന്നിധ്യം ക​​ണ്ടെത്താനായില്ല.