‘എന്റെ വീട് നഷ്ടപ്പെട്ടു, ഗർഭപാത്രം നഷ്ടപ്പെട്ടു, പക്ഷെ ഒന്നു ഞാൻ നേടി’; ബിജെപിയുടെ അന്ത്യം കണ്ടേ അടങ്ങൂവെന്ന് പാർലമെന്റിൽ മഹുവ മൊയ്ത്ര

ന്യൂഡൽഹി: ലോക്സഭയിൽ തന്നെ നിശബ്ദയാക്കാൻ ശ്രമിച്ച ബിജെപിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. കഴിഞ്ഞ ലോക്‌സഭയിൽ പാർലമെൻ്റിൽ നിന്ന് പുറത്താക്കിയതിനെ കുറിച്ച് മൗനം വെടിഞ്ഞ മഹുവ മൊയ്ത്ര, തനിക്ക് അംഗത്വം മാത്രമല്ല, വീടും ഗർഭപാത്രവും വരെ നഷ്ടപ്പെട്ടെന്നും എന്നാൽ ആ നഷ്ടങ്ങൾക്കപ്പുറം വിലപിടിപ്പുള്ള മറ്റൊന്ന് നേടിയെന്നും പറഞ്ഞു.

“എനിക്ക് എൻ്റെ അംഗത്വം നഷ്ടപ്പെട്ടു, എനിക്ക് എൻ്റെ വീട് നഷ്ടപ്പെട്ടു, ഒരു ഓപ്പറേഷനിൽ എനിക്ക് എൻ്റെ ഗർഭപാത്രവും നഷ്ടപ്പെട്ടു. പക്ഷെ ഞാൻ എന്താണ് നേടിയതെന്ന് നിങ്ങൾക്കറിയാമോ? ഭയത്തിൽ നിന്ന് ഞാൻ സ്വാതന്ത്ര്യം നേടി. ഞാൻ നിങ്ങളെ ഭയപ്പെടുന്നില്ല. നിങ്ങളുടെ (ബിജെപി) അവസാനം ഞാൻ കാണും,” മഹുവ മൊയ്ത്ര പറഞ്ഞു.

മണിപ്പൂരിലെ പ്രശ്നങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മഹുവ മൊയ്ത്ര രൂക്ഷ വിമർശനം ഉന്നയിച്ചു. ‘മ’ വെച്ച് ഒരുപാട് വാക്കുകൾ പറഞ്ഞ മോദി മണിപ്പൂർ എന്ന് മാത്രം മിണ്ടിയില്ലെന്ന് ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ മഹുവ വിമർശിച്ചു. വരൂ മണിപ്പൂരിലെ തെരുവുകളിലെ രക്തം കാണൂവെന്ന് പാബ്ലോ നെരൂദയുടെ കവിത ഉദ്ധരിച്ചുകൊണ്ടായിരുന്നു മൊയ്ത്രയുടെ പ്രസംഗം.

“എന്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ മണിപ്പൂർ എന്നൊരു വാക്കില്ലാത്തത്. എന്തുകൊണ്ടാണ് ‘നോർത്ത് ഈസ്റ്റ്’ എന്ന പൊതുവായ വാക്ക് മാത്രം പറയേണ്ടിവരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘മ’ അക്ഷരത്തിൽ തുടങ്ങുന്ന ഒരുപാട് വാക്കുകൾ മോദി പറഞ്ഞിരുന്നു. മുസൽമാൻ, മുല്ല, മദ്രസ, മുഗൾ, മട്ടൻ, മഛ്ലി, മംഗൾസൂത്ര… എന്നാൽ ഒരിക്കൽ പോലും മണിപ്പൂർ എന്നൊരു വാക്ക് പറഞ്ഞില്ല,”മൊയ്ത്ര വിമർശിച്ചു.

തന്നെ ലക്ഷ്യം വച്ചതിനു ബിജെപി വലിയ കൊടുത്തുകഴിഞ്ഞുവെന്നും മഹുവ മൊയ്ത്ര ലോക്സഭയിലെ പ്രസംഗത്തിൽ പറഞ്ഞു.

“കഴിഞ്ഞ തവണത്തേത് പോലെ ഇനി പ്രതിപക്ഷത്തെ വിലകുറച്ചുകാണാനാകില്ല. കഴിഞ്ഞ തവണ ഞാൻ ഇവിടെ നിന്നു, എനിക്ക് സംസാരിക്കാൻ അനുമതിയുണ്ടായിരുന്നില്ല. എന്നാൽ ഒരു എംപിയെ നിശബ്ദമാക്കാൻ ശ്രമിച്ചതിന് ഭരണപക്ഷ പാർട്ടിക്ക് വലിയ വിലകൊടുക്കേണ്ടി വന്നു. എന്നെ അടിച്ചമർത്താനുള്ള നിങ്ങളുടെ ശ്രമത്തിൽ നിങ്ങളുടെ 63 അംഗങ്ങളെ ജനങ്ങൾ നിശബ്ദരാക്കി.”

More Stories from this section

family-dental
witywide