ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി എണ്ണ കമ്പനികൾ. 19കിലോ വാണിജ്യ സിലിണ്ടറിന് 14 രൂപയുടെ വർധനയാണ് വരുത്തിയിരിക്കുന്നത്. അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തുന്നത്. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1,769.50 രൂപയായി ഉയർന്നു.
അതേസമയം, എണ്ണകമ്പനികൾ വിമാന ഇന്ധനവില കുറച്ചിട്ടുണ്ട്. ഏവിയേഷൻ ഫ്യൂവലിന്റെ വില കിലോ ലിറ്ററിന് 1221 രൂപയായാണ് കുറച്ചത്. തുടർച്ചയായി നാലാം തവണയാണ് വിമാന ഇന്ധനത്തിന്റെ വില കുറക്കുന്നത്. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരും. കഴിഞ്ഞ നവംബറിലും വാണിജ്യ പാചക വാതക വില വര്‍ധിപ്പിച്ചിരുന്നു. അന്ന് 102 രൂപയായിരുന്നു വര്‍ധന.
ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്ക് സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത് തിരിച്ചടിയാകും. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും ഹോട്ടല്‍ മേഖലയിലുള്ളവരെ വലിയരീതിയിലുള്ള വിലവര്‍ധനവ് ബാധിക്കും.