മിയാമി : ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലായ ഐക്കണ്‍ ഓഫ് ദി സീസ് മിയാമി കടപ്പുറത്ത് നിന്ന് കന്നി യാത്ര തുടങ്ങിയിരിക്കുകയാണ്.
ഈ ക്രൂയിസ് കപ്പലിന്റെ യാത്ര സൗത്ത് ഫ്‌ലോറിഡയില്‍ നിന്നാണ് ആരംഭിച്ചന്നത്. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെയും ഇന്റര്‍ മിയാമി ടീമംഗങ്ങളുടെയും സാന്നിധ്യത്തില്‍ ചൊവ്വാഴ്ചയാണ് കപ്പലിന് ഔദ്യോഗിക നാമകരണം ചെയ്തത്.
ഐക്കണ്‍ ഓഫ് ദി സീസ് കപ്പലിന് 1200 അടിയോളം നീളവും 2,50,800 ടണ്‍ ഭാരവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും മികച്ച അവധിക്കാല അനുഭവങ്ങള്‍ ഉത്തരവാദിത്തത്തോടെ നല്‍കാനുള്ള ഞങ്ങളുടെ ദൗത്യത്തിന്റെ 50 വര്‍ഷത്തിലേറെ നീണ്ട സ്വപ്നങ്ങളുടെയും നവീകരണത്തിന്റെയും ജീവിതത്തിന്റെയും പരിസമാപ്തിയാണ് ‘ഐക്കണ്‍ ഓഫ് ദി സീസ്’ എന്ന് റോയല്‍ കരീബിയന്‍ ഗ്രൂപ്പ് പ്രസിഡന്റും സിഇഒയുമായ ജേസണ്‍ ലിബര്‍ട്ടി പറഞ്ഞു.
റോയല്‍ കരീബിയന്‍ ഐക്കണ്‍ ഓഫ് ദി സീസില്‍ ആറ് വാട്ടര്‍ സ്ലൈഡുകളും ഏഴ് നീന്തല്‍ക്കുളങ്ങളും ഒരു ഐസ് സ്‌കേറ്റിംഗ് റിങ്കും ഉണ്ട്. അതോടൊപ്പം, ഈ ക്രൂയിസ് കപ്പലിന് ഒരു തിയേറ്ററും 40 ലധികം റെസ്റ്റോറന്റുകളും ബാറുകളും ലോഞ്ചുകളും ഉണ്ട്.
കമ്പനി വെളിപ്പെടുത്തിയ വിശദാംശങ്ങള്‍ അനുസരിച്ച്, ഐക്കണ്‍ ഓഫ് ദി സീസ് ക്രൂയിസ് ഷിപ്പിന് പരമാവധി ശേഷിയില്‍ 7,600 യാത്രക്കാരെയും 2,350 ക്രൂ അംഗങ്ങളെയും വഹിക്കാന്‍ കഴിയും. ഈ ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ യാത്രയ്ക്ക് ആളുകള്‍ നല്‍കേണ്ട തുകയെക്കുറിച്ചാണ് ചര്‍ച്ചകള്‍ ഏറെയും. ഒന്നര മുതല്‍ രണ്ട് ലക്ഷം വരെയാണ് ആഡംബര യാത്രയ്ക്ക് മുടക്കേണ്ട ടിക്കറ്റ് തുക.