എറണാകുളം ജില്ലയില്‍ എം പോക്‌സ് സ്ഥിരീകരിച്ചു; യുഎഇയില്‍ നിന്ന് വന്ന യുവാവിന് രോഗം

കൊച്ചി: എറണാകുളം ജില്ലയില്‍ എം പോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു. തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. യുവാവ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളം സ്വദേശിയാണ് യുവാവ്.

അടുത്തിടെ വിദേശത്തു നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ രണ്ടാമത്തെ എംപോക്സ് കേസാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയില്‍ നിന്നും എത്തിയ 38 കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന് പനിയും, ശരീരത്തില്‍ ചിക്കന്‍പോക്‌സിന് സമാനമായ രീതിയില്‍ തടിപ്പുമുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. വിമാനത്താവളങ്ങളിലടക്കം കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിരുന്നു. സ്വകാര്യ ആശുപത്രികള്‍ പ്രോട്ടോകോള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിട്ടുണ്ട്.

എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. എംപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തുവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയുണ്ടാകും. ഇതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.

More Stories from this section

family-dental
witywide