
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ ബാബുവിന്റെ വിജയം ഹൈക്കോടതി വിധിക്കെതിരെ വിമർശനവുമായി എതിർ സ്ഥാനാർഥി എം സ്വരാജ് രംഗത്ത്. കോൺഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വിചിത്രമാണെന്നാണ് സ്വരാജ് പ്രതികരിച്ചത്. തെരഞ്ഞെടുപ്പുകാലത്ത് തന്നെ ചട്ടലംഘനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നും കമ്മീഷൻ നടപടിയെടുത്തതാണെന്നും സ്വരാജ് പറഞ്ഞു. വ്യക്തമായ തെളിവുകൾ നൽകിയിട്ടും ഇത്തരമൊരു വിധിയുണ്ടായത് വിചിത്രമാണെന്നും തെറ്റായ സന്ദേശമാകും വിധി നൽകുകയെന്നും സ്വരാജ് കൂട്ടിച്ചേർത്തു. പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി തീരുമാനിക്കുമെന്നും സ്വരാജ് വ്യക്തമാക്കി.