ജയ്പൂർ: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരിപാടിയുടെ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുനൽ മാക്രോൺ വ്യാഴാഴ്ച ജയ്പൂരിൽ വിമാനമിറങ്ങി. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ അദ്ദേഹത്തെ സ്വീകരിച്ചു.
മാക്രോൺ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഉച്ചയ്ക്ക് ശേഷം ‘ശോഭ യാത്ര’ എന്നു പേരിട്ടിരിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് ഇരുവരും ഹവാ മഹലും ആംബർ ഫോർട്ടും ഉൾപ്പെടെ ജയ്പൂരിലെ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കും. അതിനു ശേഷം മോദിക്കൊപ്പം താജ് റാംബാഗ് പാലസ് ഹോട്ടലിൽ ചർച്ച നടത്തും.
കരകൗശല വിദഗ്ധർ, ഇൻഡോ-ഫ്രഞ്ച് സാംസ്കാരിക പദ്ധതികളിലെ പങ്കാളികൾ, വിദ്യാർത്ഥികൾ എന്നിവരുമായി ഇരുനേതാക്കളും സംവദിക്കും
ഇരുനേതാക്കളുടെയും ചർച്ചക്കു പിന്നാലെ ഇന്ത്യയും ഫ്രാൻസും നിരവധി കരാറുകളിൽ ഒപ്പുവെക്കും. രാത്രി 8.50ന് രണ്ടു നേതാക്കളും ഡൽഹിയിലേക്ക് തിരിക്കും. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് മാക്രോൺ ഇന്ത്യയിലെത്തിയിരിക്കുന്നത്.
ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയാണ് മാക്രോൺ. റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന അഞ്ചാമത്തെ ഫ്രഞ്ച് പ്രസിഡന്റുകൂടിയാണ് അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് മാക്രോൺ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നത്.