നിറച്ചാർത്തുകളുടെ വസന്തകാലം തീർത്ത് ന്യൂയോർക്കിലെ താങ്ക്സ് ഗിവിങ് ഡേ.. എങ്ങും ആഹ്ളാദം അലതല്ലിയ ആഘോഷ വേളയിൽ വർണ ബലൂണുകൾ ന്യൂയോർക്കിൻ്റെ ആകാശത്ത് പാറിക്കളിച്ചു. മഞ്ഞുപെയ്യാൻ തുടങ്ങുന്ന നവംബറിലെ ഈ ദിനം അവധിദിന ആഘോഷത്തിലേക്കോ ആലസ്യത്തിലേക്കോ ഉള്ള ആഹ്വാനമായി മാറി. കമ്പിളി കുപ്പായങ്ങൾ അണിഞ്ഞ ആയിരങ്ങളാണ് ഇത്തവണ പരേഡിൽ അണി നിരന്നത്.
വരിതെറ്റാതെ മുന്നേറുന്ന സഘാംഗങ്ങളും ബാൻഡ് മേളവും ആകെ ആഘോഷത്തിൻ്റെ കൊടുമുടി കേറി. വ്യാപാര ശൃംഖലയായ മെയ്സിയുടെ ആഭിമുഖ്യത്തിലായിരുന്നു താങ്ങ്സ് ഗിവിങ് ഡേ പരേഡ്. മെയ്സിയുടെ 100ാമത്തെ പരേഡാണ് ഇന്ന് ന്യൂയോർക്കിൽ അരങ്ങേറിയത്. പരേഡ് സെൻ്റർ പാർക്കിൽനിന്ന് ആരംഭിച്ച് ഹാരോൾഡ് സ്ക്വയറിൽ അവസാനിച്ചു.
കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളെല്ലാം തന്നെ പരേഡിൽ കൂറ്റൺ ബലൂൺ രൂപം സ്വീകരിച്ച് വന്നു. നിരവധി ഫ്ളോട്ടുകളും ബാൻഡ് സംഘങ്ങളും പരേഡിൽ അണി നിരന്നു. ഏതാണ്ട് 6000 പേർ പങ്കെടുത്തു. പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. അതിനിടെ പലസ്തീൻ അനുകൂല പ്രതിഷേധക്കാർ പരേഡിന് തടസ്സം സൃഷ്ടിച്ചു. പലസ്തീനെ മോചിപ്പിക്കുക എന്ന ബാനറുമായി മുദ്രാവാദ്യം വിളികളോടെ എത്തിയ ചെറിയ ഒരു ഗ്രൂപ്പാണ് വഴി തടസ്സമുണ്ടാക്കിയത്. 21 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പരേഡ് കടന്നു പോയ വഴിയുടെ ഓരങ്ങളിലും പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ അരങ്ങേറി.
അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ഇന്നലെ വർണാഭമായ പരേഡുകൾ അരങ്ങേറി. തിരക്കും മഴയും മൂലം വലിയ ഗതാഗത തടസ്സങ്ങളുണ്ടായി. കുടംബാംഗങ്ങളും കൂട്ടുകാരും ഒരുമിച്ചുള്ള അത്താഴ വിരുന്നോടെ ഈ വർഷത്തെ താങ്ക്സ് ഗിവിങ് ദിനവും കടന്നുപോയി. അമേരിക്കയിലെ ഏറ്റവും തിരക്കുണ്ടായ ദിനങ്ങളിലൊന്ന് അങ്ങനെ കൊടിയിറങ്ങി.
Macy’s Thanksgiving Day Parade