പശ്ചിമഘട്ട മലനിരകളിൽ ഉരുൾപൊട്ടൽ ദുരന്തം ആവർത്തിക്കപ്പെടുന്ന സാഹചര്യം കേരളത്തിൽ നിലനിൽക്കുകയാണ്. കനത്ത മഴ പെയ്താൽ എന്തായാലും വൻ മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന സ്ഥിതി വന്നിട്ടുണ്ട്. ഇടുക്കിയിലെ രാജമലയിലെ പെട്ടിമുടിയിലും ദുരന്തം ആവർത്തിച്ചു. കഴിഞ്ഞ വർഷം കണ്ണൂർ വയനാട് ജില്ലാ അതിർത്തിയിലെ സഹ്യപർവത മലനിരകളിൽ ഉരുൾപൊട്ടി പിഞ്ചു കുഞ്ഞടക്കം നിരവധി പേർ മരിച്ചു.
ഇപ്പോൾ ദുരന്തം നടന്ന മേപ്പാടി പ്രദേശത്തുനിന്ന് കിലോമീറ്ററുകൾ മാത്രം അപ്പുറമുള്ള പുത്തുമലയിൽ 2019 ൽ വലിയ ദുരന്തമുണ്ടായി 17 പേർ മരിക്കുകയും 5 പേരെ കാണാതാവുകയും ചെയ്തിരുന്നു. അന്ന് അവിടം സന്ദർശിച്ച പ്രഫ മാധവ് ഗാഡ്ഗിൽ പറഞ്ഞത് ഇതാണ്…
“ചുട്ടുപൊള്ളിക്കുന്ന, രോഷകുലയായ നമ്മുടെ ഭൂമിയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകടിതമായ രൂപങ്ങളിൽ ഒന്നുമാത്രമാണ് ഇത്. കാലാവസ്ഥാ വ്യതിയാനം മൂലം അത്യുഷ്ണം, അതിശൈത്യം, കൊടും മഴ, എന്നിങ്ങനെ എല്ലാ പ്രകൃതി പ്രതിഭാസങ്ങളും ഉച്ഛസ്ഥായിയിൽ ആയിരിക്കുകയാണ്. അന്തരീക്ഷം കൂടുതൽ ചൂടാവുമ്പോൾ അന്തരീക്ഷത്തിലെ നീരാവിയുടെ സാന്നിധ്യം കൂടുകയും കൂടെ കൂടെ മഴ പെയ്യുകയും ചെയ്യും.
അറബിക്കടലിൽ നിന്നുള്ള ഈർപ്പമുള്ളവായു പശ്ചിമഘട്ട മലനിരകളിൽ തട്ടി മലശിഖരങ്ങളിൽ കനത്ത മഴപെയ്യാൻ ഇടയാക്കുന്നു. അടിഭാഗങ്ങളിലെ വായു ചൂടാകുമ്പോൾ വായു ഉയരമുള്ള സ്ഥലങ്ങളിലേക്ക് വരുന്നു. മണ്ണിലെ സസ്യജാലങ്ങളുടെ ആവരണത്തിന് പകരം നഗരങ്ങളിലെ കോൺക്രീറ്റ് വനങ്ങൾ, ഹൈവേകൾ,ഖനനം, ക്വാറിയിങ് ഉള്ള എല്ലായിടത്തും ഇതു സംഭവിക്കും. മാത്രമല്ല വാഹനങ്ങൾ പുറംതള്ളുന്ന പുക,താപനിലയങ്ങളിലെ കൽക്കരി കത്തുമ്പോഴും ക്വാറികളിൽ ഖനനം നടക്കുമ്പോളും ഉണ്ടാകുന്ന സൂക്ഷ്മകണങ്ങൾ തുടങ്ങിയവ അന്തരീക്ഷത്തിൽ എയ്റോസോളിൻ്റെ അളവ് കൂട്ടുന്നു. എയ്റോസോൾ അടങ്ങിയ നീരാവി ഘനീഭവിക്കുമ്പോൾ വലിയ ഘനത്തിലുള്ള ജലകണികകൾ രൂപപ്പെടുന്നു. ഇവയ്ക്കു കുറഞ്ഞ സമയത്തിനുള്ളിൽ കനത്ത മഴപെയ്യിക്കാൻ ശേഷിയുണ്ട്.
സാധാരണഗതിയിൽ 6 മണിക്കൂർ പെയ്യുന്ന ചാറ്റൽമഴയ്ക്കു പകരം 30 മിനിറ്റുകൊണ്ടു പെയ്യുന്ന ശക്തമായ മഴയായി രൂപം മാറുന്നു. അത് തീവ്രമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുന്നു.
ഒന്നുകൂടി പറയട്ടെ ഇതൊക്കെ ഉണ്ടാവുന്നത് ഭൂ സസ്യ ആവരണത്തിന്റെ ദുരുപയോഗം മൂലമാണ്. സമുദ്രനിരപ്പ് പ്രതീക്ഷിച്ചതിനേക്കൾ വേഗത്തിൽ ഉയരുകയാണ്. അമിത ഉപയോഗം മൂലം ഭൂഗർഭ ജലവിതാനം താഴുകയാണ്. ഇതുമൂലവും അമിതമായ നിർമിതികളുടെഭാരം മൂലവും ഭൂമി മുങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയുണ്ട്. നമ്മുടെ തീരദേശങ്ങളിലെ പരിപാലന നിയമങ്ങളും നിയന്ത്രണങ്ങളും നഗ്നമായി ലംഘിക്കപ്പെടുന്നുണ്ട്. അവശേഷിക്കുന്ന സസ്യാവരണം നശിപ്പിച്ച് ഹൈവേകളും തുറമുഖങ്ങളും നിർമിക്കുകയാണ്.
2019 സെപ്റ്റംബർ 5ന് ( ഓഗസ്റ്റ് എട്ടിനായിരുന്നു പുത്തുമല ദുരന്തം) വയനാട്ടിലെ പുത്തുമലയിലേക്ക് ഞാൻ പോകുമ്പോൾ ഒരുമണിക്കൂറിലധികം നീണ്ട കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. കുത്തനെയുള്ള ചെരിവുകളിൽ ഉയർന്ന കെട്ടിടങ്ങളുണ്ടായിരുന്നു. ചായത്തോട്ടങ്ങൾക്കു വേണ്ടി ഭൂമി നിരപ്പാക്കിയിട്ടുണ്ടായിരുന്നു. പുത്തുമല പ്രദേശം ഒരു വലിയ ചെളിയുടെ നദിയായിരുന്നു. എല്ലാം നശിച്ചിരുന്നു. മൺനദിയുടെ കുത്തൊഴുക്കിൽ അതിന്റെ വഴിയിലെ യൂക്കാലിപ്റ്റസ് തോട്ടങ്ങൾ പാടെ ഒലിച്ചുപോയി. ഒരു മരം മാത്രം വീഴാതെ തലയുയർത്തി നിന്നിരുന്നു. അത് ആലിൻ്റെ ഇനത്തിൽപെട്ട ഒരു മരമായിരുന്നു. അതൊരു തനത് സസ്യമാണ്. തദ്ദേശീയമായ തനത് സസ്യജാലങ്ങൾ മുറിച്ചുമാറ്റി വിദേശ ഇനങ്ങൾ വച്ചുപിടിപ്പിച്ചത് ദുരന്തത്തിന് ആക്കം കൂട്ടി എന്ന് വ്യക്തം……”
ലോക പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്ലിന്റെ ആത്മകഥയായ ” Western Ghats- A Love Story ” എന്ന പുസ്തകത്തിൽ നിന്നുള്ള വളരെ കുറച്ച് ഭാഗമാണിത്.. പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടി അദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
Madhav Gadgil points out the reason for landslides in western Ghats