മുംബൈ: അന്തരിച്ച സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്രാജിന്റെ ഭാര്യയും ചലച്ചിത്ര പ്രവര്‍ത്തകയുമായ മധുര പണ്ഡിറ്റ് ജസ്രാജ് അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ മുംബൈയിലായിരുന്നു അന്ത്യം.
പ്രശസ്ത ചലച്ചിത്രകാരന്‍ വി ശാന്താറാമിന്റെ മകളാണ് മധുര. 1962ലാണ് അവര്‍ സംഗീതജ്ഞനായ പണ്ഡിറ്റ് ജസ്രാജിനെ വിവാഹം കഴിച്ചത്.
സംവിധായിക, നിര്‍മ്മാതാവ്, എഴുത്തുകാരി എന്നിങ്ങനെ നിരവധി വേഷങ്ങള്‍ തന്റെ കരിയറില്‍ അണിഞ്ഞ മധുര, നാടകങ്ങളും സിനിമകളും സംവിധാനം ചെയ്യുന്നതിനു പുറമേ, തന്റെ പിതാവിനെക്കുറിച്ചുള്ള ജീവചരിത്രം ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. വി ശാന്താറാം: ദി മാന്‍ ഹു ചേഞ്ച്ഡ് ഇന്ത്യന്‍ സിനിമ എന്നതാണ് പിതാവിനെക്കുറിച്ച് എഴുതിയ പുസ്തകം.
ഒരു ഫീച്ചര്‍ ഫിലിമിന്റെ ഏറ്റവും പ്രായം കൂടിയ നവാഗത സംവിധായികയായി, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിട്ടുണ്ട് മധുര.
സംസ്‌കാരം വൈകിട്ട് മുംബൈയിലെ ഓഷിവാര ശ്മശാനത്തില്‍ നടക്കുമെന്ന് കുടുംബം അറിയിച്ചു. സംഗീത സംവിധായകന്‍ ശരംഗ്‌ദേവ് പണ്ഡിറ്റ്, ദുര്‍ഗ ജസ്രാജ് എന്നിവരാണ് മക്കള്‍