ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകൾ തീരം വിട്ട് പോകാൻ ആവശ്യപ്പെട്ടു

ജപ്പാനില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂകമ്പമുണ്ടായത്. തുടര്‍ന്ന് നൈഗാട്ട, ടൊയാമ, തുടങ്ങിയ മേഖലകളില്‍ തുടര്‍ചലനങ്ങൾ ഉണ്ടായതായി ദേശീയ മാധ്യമമായ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു.

ഇഷികാവ തീരദേശ പ്രദേശത്തെ താമസക്കാരോട് ഉടൻ തന്നെ ഉയർന്ന സ്ഥലത്തേക്ക് മാറാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ജപ്പാൻ കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളിൽ 5 മീറ്ററോളം ഉയരത്തില്‍ തിരമാല ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇഷികാവ, നിഗറ്റ, ടോയാമ എന്നീ തീരപ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.വടക്കൻ ദ്വീപായ ഹോക്കൈഡോയിലും തെക്കൻ ദ്വീപായ ക്യൂഷുവിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സഖാലിനിൽ റഷ്യയും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റിക്ടർ സ്‌കെയിലിൽ നാലോ അതിലധികമോ തീവ്രതയുള്ള 20 ഭൂചലനങ്ങൾ ഇഷിക്കാവ തീരത്തും സമീപമുള്ള നിഗറ്റ പ്രവിശ്യകളിലും ഉണ്ടായതായാണ് റിപ്പോർട്ടുകൾ. വിള്ളലുകളും മറ്റ് നാശനഷ്ടങ്ങളും കാരണം പ്രധാന റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ബാധിത പ്രദേശത്തെ പട്ടണങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും വാട്ടർ പൈപ്പ് പൊട്ടുകയും ചെയ്തിട്ടുണ്ട്.

അതേസമയം ന്യൂക്ലിയർ പവർ പ്ലാന്റുകളിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഹോകുരിക്കു ഇലക്ട്രിക് പവർ അറിയിച്ചു. നിലവിൽ തങ്ങളുടെ ആണവ നിലയങ്ങളിൽ അസാധാരണതകളൊന്നുമില്ലെന്നും എന്നാൽ കമ്പനി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കൻസായി ഇലക്‌ട്രിക് പവറിന്റെ വക്താവ് പറഞ്ഞു.2011 മാർച്ച് 11 ന് വടക്കുകിഴക്കൻ ജപ്പാനിൽ ഒരു വലിയ ഭൂകമ്പവും സുനാമിയും ഉണ്ടായിരുന്നു. നഗരത്തിൽ വലിയ നാശത്തിന് കാരണമായ ഈ സുനാമി ഫുകുഷിമയിൽ ആണവ നിലയത്തിന്റെ തകര്‍ച്ചയിലേക്കും വന്‍ ആണവ വികിരണചോര്‍ച്ചയിലേക്കും നയിച്ചിരുന്നു.

Magnitude 7.5 earthquake strikes Japan, tsunami warning issued

More Stories from this section

family-dental
witywide