എക്‌സിറ്റ്‌പോളുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് എന്‍ഡിഎ; മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം

മുംബൈ: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രണ്ടിടങ്ങളിലുംഎക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. ഇതനുസരിച്ചുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ശിവസേന രണ്ടായി പിളര്‍ന്നതിനു ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് കൂടിയാണ് മഹാരാഷ്ട്രയിലേത്.

മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ജാര്‍ഖണ്ഡില്‍ 81 മണ്ഡലങ്ങളിലേക്കായി 1213 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. രാവിലെ എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞാലുടന്‍ എംഎല്‍എമാരെ ഹോട്ടലിലേക്കു മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയായ മഹാ വികാസ് അഘാഡി തീരുമാനിച്ചു. അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേല്‍, ജി. പരമേശ്വര എന്നിവരെ നിരീക്ഷകരായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചിട്ടുണ്ട്.