മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പി.യുടെ ‘ബട്ടേംഗെ തോ കാട്ടേംഗേ’ ‘ഏകേ ഹേ തോ സെയ്ഫ് ഹേ’ (വിഭജിക്കപ്പെട്ടാൽ മുറിക്കപ്പെടും, ഒരുമിച്ചു നിന്നാൽ സുരക്ഷിതമാണ്) പ്രചാരണത്തെച്ചൊല്ലി മഹായുതി സഖ്യത്തിൽ മുറുമുറുപ്പ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യാഴാഴ്ചത്തെ മുംബൈ റാലിയിൽനിന്ന് എൻസിപി വിട്ടുനിൽക്കുകയും ചെയ്തു. എൻസിപി സ്ഥാനാർഥികളും പരിപാടിയിൽ പങ്കെടുത്തില്ല. ദാദറിലെ ശിവാജിപാർക്കിലായിരുന്നു വ്യാഴാഴ്ച മോദി പങ്കെടുത്ത മഹായുതി സമ്മേളനം നടന്നത്. അജിത് പവാറിനൊപ്പം സ്ഥാനാർഥികളായ സനാമാലിക്, നവാബ് മാലിക്, സീഷൻ സിദ്ദിഖി എന്നിവരാണ് വിട്ടുനിന്നത്. ബി.ജെ.പി.യുടെ ഇത്തരത്തിലുള്ള പ്രചാരണത്തിൽ എൻ.സി.പി. നേതാക്കൾ അസ്വസ്ഥരാണെന്നാണ് റിപ്പോർട്ട്.
മുറിവേൽപ്പിക്കുന്ന പരാമർശങ്ങൾ ന്യൂനപക്ഷവോട്ടുകളെ ബാധിക്കുമെന്ന തിരിച്ചറിവിൽ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിലെ എൻസിപി അജിത് പവാർ വിഭാഗമാണ് എതിർപ്പുയർത്തിയത്. കഴിഞ്ഞ ലോക്സഭയിൽ മുസ്ലിം വോട്ടകുൾ എല്ലാം ഏകീകരിക്കപ്പെടുകയും ഇന്ത്യാ സഖ്യത്തിലേക്ക് പോവുകയും ചെയ്തിരുന്നു. മുസ്ലിം വോട്ടുകൾ ചിതറിക്കാനുള്ള നീക്കത്തിലാണ് മഹായുതി സഖ്യം.
ഹിന്ദുക്കളെല്ലാം ബിജെപിയുടെ കീഴിൽ ഒരുമിച്ചുനിൽക്കണമെന്ന് അർഥംവരുന്ന ബിജെപിയുടെ ഈ പ്രചാരണത്തിന് തുടക്കമിട്ടത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരുന്നു. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയും മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും ഏറ്റെടുത്തു. ഇത്തരമൊരു പ്രചാരണത്തോട് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയും പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കോൺഗ്രസ് വിട്ട് ബിജെപിയിലേക്കുവന്ന മുൻമുഖ്യമന്ത്രി അശോക് ചവാനും പാർട്ടിനേതാവ് പങ്കജ മുണ്ടെയും, മുറിവേൽപ്പിക്കുന്ന പരാമർശങ്ങൾ പാടില്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നതും ശ്രദ്ധേയമായി.