മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാർ പക്ഷം നേതാവുമായ ബാബാ സിദ്ദിഖ് വെടിയേറ്റ് കൊല്ലപ്പെട്ടു. ബാന്ദ്രയിലെ മകൻ്റെ ഓഫീസില്‍ ശനിയാഴ്ച രാത്രി 9.30നാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയിലായതായാണ് വിവരം.
ലീലാവതി ഹോസ്പിറ്റലില്‍ വെച്ചാണ് അന്ത്യം. മുംബൈയിലെ ബാന്ദ്രയില്‍ വെച്ചാണ് ബാബക്ക് വെടിയേറ്റത്. വെടിയേറ്റ ഉടന്‍ തന്നെ ബാബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സിദ്ദിഖിനു നേരെ മൂന്ന് വട്ടമാണ് നിറയൊഴിച്ചതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ബാന്ദ്ര ഇസ്റ്റ് എംഎല്‍എയും മകനുമായ സീഷന്‍റെ ഓഫീസില്‍ വെച്ചാണ് സംഭവം.
ബാന്ദ്ര ഈസ്റ്റില്‍ നിന്നും മൂന്ന് വട്ടം എംഎല്‍എ ആയ ബാബ സിദ്ദിഖ് 48 വർഷം കോണ്‍ഗ്രസിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ബാബ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് അജിത് പവാറിനൊപ്പം ചേരുന്നത്. ബാബയ്ക്ക് പിന്നാലെ ഓഗസ്റ്റില്‍ മകന്‍ സീഷന്‍ സിദ്ദിഖിനെ കോണ്‍ഗ്രസ് പുറത്താക്കി. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്‍റെ തിരക്കുകളിലേക്ക് കടക്കുമ്പോഴാണ് മുന്‍ മന്ത്രിക്ക് നേരെ വെടിവെപ്പുണ്ടായത്.
Maharashtra Ex Minister Baba Siddique Shot Dead in Mumbai