
കൊല്ലം: കേരളത്തെ നടുക്കിയ മൈനാഗപ്പള്ളി അപകടത്തിൽ നരഹത്യ കുറ്റം ചുമത്തി കേസെടുത്ത പൊലീസ് കാറോടിച്ചിരുന്ന അജ്മലിനെയും സുഹൃത്തായ വനിതാ ഡോക്ടറെയും അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിൽ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ കയറ്റിയിറക്കി വേഗത്തിൽ ഒടിച്ചു പോയി ഇവർ രക്ഷപ്പെടാൻ നോക്കിയതിന്‍റെ വീഡിയോ കണ്ട് കേരളം നടുങ്ങിപ്പോയിരുന്നു.
കരുനാഗപ്പളളി സ്വദേശി അജ്മലും സുഹൃത്തും ഡോക്ടറുമായ നെയ്യാറ്റിൻകര സ്വദേശി ശ്രീക്കുട്ടിയുടെയും അറസ്റ്റാണ് ഇപ്പോൾ പൊലീസ് രേഖപ്പെടുത്തിയത്. ഇരുവർക്കുമെതിരെ കുറ്റകരമായ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്. വൈകീട്ടോടെ അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും. രണ്ടുപേരും നിലവില്‍ ശാസ്താംകോട്ട പൊലീസ് സ്‌റ്റേഷനിലാണ്.
ഇന്നലെയുണ്ടായ അപകടത്തില്‍ ഡോ. ശ്രീക്കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അപകടത്തെ തുടര്‍ന്ന് കാര്‍ ഓടിച്ച അജ്മല്‍ ഒളിവിലായിരുന്നു. ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്. ഇന്നലെയാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്. റോഡിൽ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു.
സംഭവം വലിയ വാർത്തയായതോടെ ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. കേസിൽ അകപ്പെട്ടതോടെ ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.