
വാഷിംഗ്ടണ്‍: അമേരിക്കയില്‍ സമുദ്രനിരപ്പ് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നതോടൊപ്പം സമുദ്രത്തോട് ചേര്‍ന്നുകിടക്കുന്ന പ്രധാന നഗരങ്ങളും യഥാര്‍ത്ഥത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. നാസയുടെ പുറത്തുവിട്ട ചിത്രങ്ങളാണ് ഈ നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ചത്.ചൊവ്വാഴ്ചയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസം ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ഉയരുന്ന സമുദ്രനിരപ്പ് യുഎസിന്റെ കിഴക്കന്‍ തീരത്തെ ഭീഷണിയിലാക്കുന്നുണ്ട്. നാസയുടെ അഭിപ്രായത്തില്‍ ന്യൂയോര്‍ക്ക്, ബാള്‍ട്ടിമോര്‍ തുടങ്ങിയ പ്രധാന നഗരങ്ങളെ ഉള്‍ക്കൊള്ളുന്ന തീരം യഥാര്‍ത്ഥത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ മനസിലാക്കാനാകുന്നത്.

വിര്‍ജീനിയ ടെക്കിന്റെ എര്‍ത്ത് ഒബ്‌സര്‍വേഷന്‍ ആന്‍ഡ് ഇന്നൊവേഷന്‍ ലാബിലെ നാസയുടെ ധനസഹായത്തോടെയുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് കെണ്ടെത്തല്‍ നടത്തിയത്. ഭൂമിശാസ്ത്രപരമായ പ്രശ്‌നം ‘തീരത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍, കൃഷിയിടങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവയ്ക്ക് ഭീഷണിയാകാന്‍ കാരണമാകുമെന്നും നാസ പറഞ്ഞു.
തീരത്തിന്റെ ചലനം നിരീക്ഷിക്കാന്‍ ശാസ്ത്രജ്ഞര്‍ സാറ്റലൈറ്റ് ഡാറ്റയും ജിപിഎസ് സെന്‍സറുകളും പരിശോധിച്ചാണ് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. ന്യൂയോര്‍ക്ക്, ബാള്‍ട്ടിമോര്‍, വിര്‍ജീനിയയിലെ നോര്‍ഫോക്ക് തുടങ്ങിയ പ്രധാന നഗരങ്ങളിലെ തീരത്തോട് ചേര്‍ന്നുള്ള നിര്‍മ്മിതികള്‍ ഭീഷണിയിലേക്ക് നീങ്ങുകയാണ്. ഒരു വര്‍ഷം ശരാശരി 1 മുതല്‍ 2 മില്ലിമീറ്റര്‍ വരെ തീരം മുങ്ങുകയാണ്. എന്നാല്‍ ഡെലവെയര്‍, മേരിലാന്‍ഡ്, സൗത്ത് കരോലിന, ജോര്‍ജിയ എന്നിവിടങ്ങളിലെ ചില കൗണ്ടികളില്‍ തീര ഭൂമി രണ്ടോ മൂന്നോ മടങ്ങ് വേഗത്തില്‍ മുങ്ങുന്നതായാണ് കണ്ടെത്തല്‍.
ചതുപ്പുനിലങ്ങളിലെ ഭൂമി പ്രതിവര്‍ഷം 3 മില്ലീമീറ്ററിലധികം താഴുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റവും മണ്ണ് താഴ്ന്നതും കാരണം വനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇതോടെ, വന്യജീവികളെയും പ്രശ്‌നം സാരമായി ബാധിച്ചു. തീരത്ത്, ഹൈവേകളും വിമാനത്താവളങ്ങളും ഉള്‍പ്പെടെയുള്ള കുറഞ്ഞത് 897,000 ഘടനകള്‍ താഴ്ന്നുകൊണ്ടിരിക്കുന്ന കരയിലാണുള്ളത്. ഭാവിക്ക് വെല്ലുവിളിയാകുന്ന തരത്തിലാണ് ഇവയുടെ നിര്‍മ്മിതിയും.
യുഎസ്, ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉപഗ്രഹങ്ങളില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് നാസ പങ്കിട്ട ഭൂപടങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. മിഡ്-അറ്റ്‌ലാന്റിക് പ്രദേശം കൂടുതല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അതില്‍ നിന്നം വ്യക്തമാണ്. 12,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിന്‍വാങ്ങാന്‍ തുടങ്ങിയ ലോറന്റൈഡ് ഐസ് ഷീറ്റ് മൂലമാണ് ഇത് സംഭവിച്ചത്, ഇത് വിവിധ പ്രദേശങ്ങള്‍ താഴാന്‍ കാരണമായി. അമേരിക്കയെ മാത്രമല്ല, കാനഡയേയും ഇത് ബാധിക്കുന്നതായും പഠനങ്ങള്‍ പറയുന്നു.
സമുദ്രനിരപ്പില്‍ നിന്ന് 10 അടി മാത്രം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചാള്‍സ്റ്റണ്‍ ആണ് ഏറ്റവും വേഗത്തില്‍ മുങ്ങുന്ന നഗരങ്ങളിലൊന്ന്. നഗരം പ്രതിവര്‍ഷം ഏകദേശം 4 മില്ലിമീറ്ററാണ് താഴ്ച്ചയിലേക്ക് പോകുന്നത്. നാസയുടെ കണക്കനുസരിച്ച്, ഏകദേശം 800,000 ആളുകളുള്ള നഗരമാണിത്. ഭൂഗര്‍ഭജല പമ്പിംഗ് പോലുള്ള മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാണ് മുങ്ങുന്നതിന്റെ ഒരു ഭാഗം സംഭവിക്കാന്‍ ഇടയാകുന്നത്.