‘സൈനിക യൂണിഫോം ദുരുപയോഗം ചെയ്‌തു’; മേജർ രവിക്കെതിരെ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി

കൽപ്പറ്റ: സൈനിക യൂണിഫോം ദുരുപയോ​ഗം ചെയ്തെന്ന് ആരോപിച്ച് മേജർ രവിക്കെതിരെ പരാതി. നടനും ടെറിട്ടോറിയൽ ആർമി ലഫ്. കേണലുമായ മോഹൻലാലിനൊപ്പം മേജർ രവി കഴിഞ്ഞദിവസം വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിലെത്തിയിരുന്നു. സൈനിക യൂണിഫോമിലാണ് ഇരുവരും എത്തിയത്. സൈനികച്ചട്ടങ്ങൾക്ക് വിരുദ്ധമായാണ് മേജർ രവി യൂണിഫോമിലെത്തിയതെന്നാണ് പരാതി. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ആർ എ അരുൺ എന്നയാളാണ് പരാതി നൽകിയത്.

ഡിഫൻസ് സർവീസ് റെഗുലേഷൻ പ്രകാരം സൈന്യത്തിൽ നിന്ന് വിരമിച്ചയാൾ സൈനിക യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്ന് പരാതിയിൽ പറയുന്നു. മേജർ രവിയുടെ നടപടി പൊതുജനത്തിനും രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും തെറ്റിദ്ധാരണയുണ്ടാക്കും. മാത്രമല്ല, സുരക്ഷാ പ്രശ്‌നവും ഉയർത്തും. ദേശസുരക്ഷയ്ക്കും ഭീഷണിയാണ്. മേജർ രവിക്കെതിരെ നടപടിയെടുത്ത് ഇന്ത്യൻ മിലിട്ടറി യൂണിഫോമിന്റെ അന്തസ് കാത്ത് സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണം.

ദുരന്തമുഖത്ത് സൈന്യം നടത്തുന്ന സേവനത്തിൽ അഭിമാനമുണ്ട്. എന്നാൽ സൈനിക യൂണിഫോമിൽ ഫോട്ടോയെടുത്ത് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതുൾപ്പെടെ മേജർ രവിയുടെ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നു. ഇക്കാര്യത്തിൽ ഉചിതമായ അന്വേഷണം നടത്തി മേജർ രവിക്കെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

major ravi misuse military uniform, complaints

More Stories from this section

family-dental
witywide