ഇൻ്റർനാഷണൽ ബ്രദർഹുഡ് ഓഫ് ടീംസ്റ്റേഴ്‌സ് തൊഴിലാളി യൂണിയൻ തിരഞ്ഞെടുപ്പിൽ സമദൂരം പാലിക്കും, ആരെയും പിന്തുണയ്ക്കില്ല

അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള തൊഴിലാളി യൂണിയനുകളിലൊന്നായ ഇൻ്റർനാഷണൽ ബ്രദർഹുഡ് ഓഫ് ടീംസ്റ്റേഴ്‌സ് 1996 ന് ശേഷം ആദ്യമായി യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കില്ല എന്ന് തീരുമാനിച്ചു.
യുഎസിലും കാനഡയിലുമായി ഏകദേശം 1.3 ദശലക്ഷം അംഗങ്ങളുള്ള യൂണിയനാണ് ഇത്. ഡെമോക്രാറ്റിക് നോമിനി കമല ഹാരിസിൽ നിന്നോ റിപ്പബ്ലിക്കൻ നോമിനി ഡൊണാൾഡ് ട്രംപിൽ നിന്നോ ടീംസ്റ്റേഴ്സ് വിഷയങ്ങളിൽ ഉറപ്പുകൾ ലഭിച്ചിട്ടില്ല എന്ന് ഇവർ പറയുന്നു. ഇരു കൂട്ടരുമായും സമദൂരം എന്ന നിലപാടാണ് ഈ യൂണിയൻ അവകാശപ്പെടുന്നതെങ്കിലും സമീപകാല രണ്ട് സർവേകൾ ട്രംപിനുള്ള പിന്തുണ സൂചിപ്പിക്കുന്നു. തൊഴിലാളിവർഗ വോട്ടർമാരുടെ ഈ പിന്മാറ്റം കമലാ ഹാരിസിൻ്റെ പ്രചാരണത്തിന് കനത്ത പ്രഹരമാണ്.

തിരഞ്ഞെടുപ്പിലെ നിർണായകമായ സംസ്ഥാനങ്ങളായ പെൻസിൽവാനിയ, മിഷിഗൺ, വിസ്കോൺസിൻ എന്നിവിടങ്ങളിൽ ഈ യൂണിയനും അതിൻ്റെ പ്രവർത്തനങ്ങളും അതിശക്തമാണ്. ബാറ്റിൽഗ്രൌണ്ട് സ്റ്റേറ്റുകളായ ഇവിടെ തൊഴിലാളികളുടെ വോട്ട് നിർണായകമാണ്.

ട്രക്ക് ഡ്രൈവർമാരെയും എയർലൈൻ പൈലറ്റുമാർ മുതൽ സൂ കീപ്പർമാർ വരെയുള്ള വിവിധ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന 1.3 ദശലക്ഷം അംഗ യൂണിയൻ അംഗങ്ങളക്കിടെ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ട്രംപിന് 59.6 ശതമാനം പിന്തുണ ലഭിച്ചിട്ടുണ്ട്.
എന്നാൽ മിഷിഗൺ, വിസ്കോൺസിൻ, നെവാഡ, കാലിഫോർണിയ എന്നിവിടങ്ങളിലെ അര ദശലക്ഷത്തിലധികം അംഗങ്ങളെ പ്രതിനിധീകരിക്കുന്ന ചില ടീംസ്റ്റേഴ്സ് റീജിയണൽ കൗൺസിലുകൾ കമലാ ഹാരിസിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞു. “പണിമുടക്കുന്ന തൊഴിലാളികളെ പിരിച്ചുവിടണമെന്ന് ഡൊണാൾഡ് ട്രംപ് പറയുമ്പോൾ, വൈസ് പ്രസിഡൻ്റ് ഹാരിസ് അക്ഷരാർത്ഥത്തിൽ പിക്കറ്റ് ലൈനിൽ എത്തി തൊഴിലാളികളുമായി ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ദീർഘകാലം സംഘടിത തൊഴിലാളിൾക്കായി ശക്തമായി നിലകൊള്ളുകയും ചെയ്തിട്ടുണ്ട്,” പ്രചാരണ വക്താവ് ലോറൻ ഹിറ്റ് പറഞ്ഞു.

2022 ൽ എക്സിക്യൂട്ടീവ് ബോർഡിൻ്റെ നേതൃത്വം ഏറ്റെടുത്തതു മുതൽ ഇൻ്റർനാഷണൽ ബ്രദർഹുഡ് ഓഫ് ടീംസ്റ്റേഴ്‌സ്് ജനറൽ പ്രസിഡൻ്റ് സീൻ ഒബ്രിയൻ റിപ്പബ്ലിക്കൻമാരുമായി നല്ല ബന്ധത്തിലാണ്. സെനറ്റർമാരായ മിസോറിയിലെ ജോഷ് ഹാവ്‌ലി, ഇപ്പോൾ ട്രംപിൻ്റെ വിപിയായ ജെഡി വാൻസ് എന്നിവരുമായി നല്ല അടുപ്പം സൂക്ഷിക്കുന്നുണ്ട്. മിൽവാക്കിയിൽ നടന്ന റിപ്പബ്ളിക്കൻ സമ്മേളനത്തിലും ഇയാൾ പങ്കെടുത്ത് സംസാരിച്ചിരുന്നു. ജനുവരിയിൽ ട്രംപുമായി അദ്ദേഹത്തിൻ്റെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ വച്ചും ഒബ്രിയൻ സ്വകാര്യമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ തൊഴിലാളി നേതാവിൻ്റെ ഈ നയങ്ങളോട് എല്ലാ അണികൾക്കും താൽപര്യമില്ല. ഡെമോക്രാറ്റിക് കൺവെൻഷൻ വേദിയിൽ ഈ യൂണിയൻ്റെ നേതാക്കളല്ല, താഴെത്തട്ടിലുള്ള തൊഴിലാളികളാണ് പങ്കെടുത്ത് സംസാരിച്ചത്.

Major US labor union International Brotherhood of Teamsters declines to endorse Harris or Trump




More Stories from this section

family-dental
witywide