കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന് പിന്നാലെ അരളിപ്പൂവിന് മലബാർ ദേവസ്വവും വിലക്കേർപ്പെടുത്തി. മലബാർ ദേവസ്വത്തിന് കീഴിലെ ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഉപയോഗിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എം ആർ മുരളി അറിയിച്ചു. ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് നിരോധനമേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് നാളെ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്താക്കി.
ജീവനെടുക്കാൻ ശേഷിയുള്ള വിഷാംശം ഉണ്ടെന്ന അഭ്യൂഹം ശക്തമായതോടെയാണ് നേരത്തെ അരളിപ്പൂവിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലക്കേർപ്പെടുത്തിയത്.പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂവ് കാണില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. എന്നാൽ പൂജയ്ക്ക് അരളിപ്പൂവ് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് നടപടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് വിവരിച്ചു. തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.
അരളിപ്പൂവിന്റെ ഇതളുകൾ ഉള്ളിൽച്ചെന്നാണ് ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രൻ മരിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് അരളിപ്പൂവ് നിരോധിക്കാൻ തീരുമാനിച്ചത്. കൂടാതെ അരളിച്ചെടിയുടെ ഇലയും തണ്ടും തിന്ന് പശുവും കിടാവും ചത്തിരുന്നു .തെങ്ങമം മഞ്ജുഭവനത്തിൽ വാസുദേവക്കുറുപ്പിന്റെ വളർത്തു പശുവും കിടാവുമാണ് ചത്തത്. അയലത്തെ വീട്ടിൽ വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇല നേരത്തെ ഇവയ്ക്ക് കൊടുത്തിരുന്നു. തുടർന്ന് ദഹനക്കേട് മൂലം അവശരായി. കുത്തിവയ്പിന് മൃഗാശുപത്രിയിൽ നിന്ന് എത്തിയവർ മരുന്ന് നൽകിയെങ്കിലും ഫലമുണ്ടായില്ല. ഹൃദയത്തെ ബാധിക്കുന്ന ഗ്‌ളൈക്കോസൈഡുകളാണ് അരളിയിലുള്ളത്. ചെടിയുടെ എല്ലാ ഭാഗത്തും വിഷാംശമുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.