ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സതേൺ റീജനിലെ ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന സതേൺ (ഹൂസ്റ്റൺ-ഡാലസ്-സാൻ അന്‍റോണിയോ, ലഫ്ക്കിൻ-ഡെൻവർ-ഓക്‌ലഹോമ) റീജൻ ഫാമിലി & യൂത്ത് കോൺഫറൻസ് 2024-ന്‍റെ റജിസ്ട്രേഷൻ മേയ് 19ന് സമാപിക്കും.
ഇതിനോടകം 300-ലധികം പ്രതിനിധികൾ വിവിധ ദേവാലയങ്ങളിൽ നിന്നും റജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഗമത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ എത്രയും വേഗം റജിസ്റ്റർ ചെയ്ത് അവരുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് കോൺഫറൻസ് സെക്രട്ടറി ഡോ.സഖറിയ തോമസ് അറിയിച്ചു.
2024 ജൂൺ 6 വ്യാഴാഴ്ച മുതൽ 9 ഞായർ വരെ ഹൂസ്റ്റണിലെ സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന സതേൺ റീജൻ ഫാമിലി & യൂത്ത് കോൺഫറൻസ് 2024-ൽ ഹൂസ്റ്റൺ/ ഡാലസ് ഉൾപ്പെടെ സതേൺ റീജനിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള 400-ലധികം വിശ്വാസികൾ പങ്കെടുക്കും.”Navigating Modernity with Ancient Wisdom” എന്ന സദൃശവാക്യത്തിന്‍റെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഈ കോൺഫറൻസിൽ വിശ്വാസികളുടെ ആത്മീയ ജീവിതത്തിന് പ്രചോദനം നൽകുന്ന വിവിധ ക്ലാസുകളും സെഷനുകളും ഉണ്ടായിരിക്കും.