സുഹൃത്തിന്റെ ചതി, പ്രവാസിയുടെ ബാ​ഗിൽ ഇറച്ചിയെന്ന പേരിൽ കഞ്ചാവ്, യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

മലപ്പുറം: അവധി കഴിഞ്ഞ് ഗൾഫിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പേരിൽ കഞ്ചാവ് നൽകി കെണിയിൽപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സുഹൃത്തായ 23കാരൻ അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലാണ് കേസിനാസ്പദമായ സംഭവം. ഓമാനൂർ സ്വദേശി പള്ളിപ്പുറായ നീറയിൽ പി.കെ. ഷമീമാണ് അറസ്റ്റിലായത്. വിമാനം കയറുന്നതിന് മുമ്പ് ല​ഗേജ് തുറന്നു നോക്കിയതിനാൽ പ്രവാസിയായ യുവാവ് രക്ഷപ്പെട്ടു.

തിങ്കളാഴ്ച രാത്രി 10ഓടെയാണ് കേസിനാസ്പദമായ സംഭവം. ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസൽ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയിൽ കഞ്ചാവ് ഒളിപ്പിച്ച് കൊടുത്തയക്കാൻ ശ്രമിച്ചത്. ഗൾഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഇയാൾ പറഞ്ഞത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ പെട്ടിയിലെ വസ്തുക്കൾ മാറ്റി പാക്ക് ചെയ്യാൻ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസ്സിലായത്.

തുടർന്ന് വിശദമായി പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് പായ്ക്കിൽ ഒട്ടിച്ച നിലയിൽ കഞ്ചാവടങ്ങിയ ബോട്ടിൽ കണ്ടെത്തിയത്. ഉടൻ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നൽകി. ഈ പരാതിയിലാണ് നീറയിൽ പി കെ ഷമീം അറസ്റ്റിലായത്. സംഭവത്തിൽ മുഴുവൻ കുറ്റക്കാരും പുറത്തുകൊണ്ടുവരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് ഫൈസൽ പറഞ്ഞു.

More Stories from this section

family-dental
witywide