മലപ്പുറത്തെ യുവതിയുടെ ആത്മഹത്യ; ഭര്‍തൃപിതാവിനെ അറസ്റ്റ് ചെയ്തു

മലപ്പുറം: മലപ്പുറം പന്തല്ലൂരില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മദാരി അബൂബക്കര്‍ ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ അര്‍ധ രാത്രിയോടു കൂടി അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ചയാണ് തെഹദിലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു പിന്നാലെയ ജനരോഷം ശക്തമായതോടെയാണ് ഭര്‍തൃ പിതാവ് അബൂബക്കറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തുണ്ട്. പത്ത് വര്‍ഷം മുന്‍പാണ് തെഹദില വിവാഹിതയായത്. രണ്ട് വയസ്സു മുതല്‍ പത്ത് വയസ്സ് വരെ പ്രായമുള്ള നാല് കുട്ടികളുമുണ്ട്. യുവതിയുടെ മരണത്തിനു പിന്നാലെ കാരണക്കാര്‍ ഭര്‍ത്താവും കുടുംബവുമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കാരണമായത് ഭര്‍ത്താവ് നിസാറും കുടുംബമാണെന്നാണ് പരാതിയിലുള്ളത്.

തെഹദിലയുടെ ഭര്‍ത്താവ് നിസാര്‍ വിദേശത്താണ്. വിദേശത്ത് പോകുന്ന കാര്യം പോലും ഭര്‍തൃ വീട്ടില്‍ താമസിച്ചിരുന്ന തെഹദിലയെ അറിയിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഭര്‍തൃപിതാവായ അബു നിരന്തരം യുവതിയെ ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. ഇക്കാര്യം വിദേശത്തുള്ള ഭര്‍ത്താവ് നിസാറിന് അറിയുമായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കാണ് തെഹദിലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ തന്നെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.

More Stories from this section

family-dental
witywide