കൊച്ചി: മലയാള ചലച്ചിത്ര മേഖലയിൽ കോളിളക്കമുണ്ടാക്കിയ ഹേമാ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും. നവംബറില്‍ കേരളീയവും ഡിസംബറില്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവവും നടക്കുന്നതിനാല്‍ മാറ്റേണ്ടി വരുമെന്ന് സിനിമാ നയരൂപീകരണസമിതി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍, സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.
മലയാള സിനിമാ രംഗത്തെ ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള തൊഴില്‍ ചൂഷണങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ സിനിമാ കോണ്‍ക്ലേവിനെതിരേ ഡബ്ല്യുസിസി അംഗങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തുകയാണോ സര്‍ക്കാരിന്റെ നീക്കമെന്നായിരുന്നു പാര്‍വതി ഉള്‍പ്പെടെയുള്ളവരുടെ ചോദ്യം. എന്നാല്‍, ഹേമാ കമ്മിറ്റി റിപോര്‍ട്ടിനു മുമ്പേ ഇക്കാര്യം തീരുമാനിച്ചിരുന്നതായാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. വിവാദങ്ങളെ തുടര്‍ന്ന് ‘അമ്മ’ ഭരണസമിതി പിരിച്ചുവിട്ടതും സിനിമാ കോണ്‍ക്ലേവ് തടയുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചതുമെല്ലാം പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
കോണ്‍ക്ലേവ് സംബന്ധിച്ച് കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായും ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷനുമായും സിനിമാ നയരൂപീകരണ സമിതി ശനിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. സമഗ്ര സിനിമാ നയം രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സ്ത്രീസൗഹൃദ തൊഴിലിടമായി സിനിമ മാറണമെന്നും ചലച്ചിത്ര അക്കാദമി ആക്റ്റിങ് ചെയര്‍മാന്‍ പ്രേംകുമാര്‍ പറഞ്ഞു.
സമിതി അംഗങ്ങളായ ബി ഉണ്ണികൃഷ്ണന്‍, നിഖിലാ വിമല്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ബി രാകേഷ്, വൈസ് പ്രസിഡന്റ് ജി സുരേഷ്‌കുമാര്‍, ജോയിന്റ് സെക്രട്ടറി സന്ദീപ് സേനന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ എം എം ഹംസ, എവര്‍ഷൈന്‍ മണി, നിര്‍മാതാക്കളായ സാന്ദ്രാ തോമസ്, അനില്‍ തോമസ്, ഔസേപ്പച്ചന്‍ വാളക്കുഴി, ഫിലിംചേംബര്‍ ഐസി മോണിറ്ററിങ് കമ്മറ്റിയംഗം റാണി ശരണ്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.