ആസിഫ് അലിക്ക് പിന്തുണയുമായി ‘അമ്മ’; ‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതം’

കൊച്ചി: പുരസ്കാര വേദിയിൽ നടൻ ആസിഫ് അലിയെ സംഗീതജ്ഞൻ രമേശ് നാരായണൻ പരസ്യമായി അപമാനിച്ച സംഭവത്തിൽ നടന് പിന്തുണയുമായി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. ‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതം, അമ്മ ആസിഫിനൊപ്പം,’ ഇൻസ്റ്റഗ്രാം പേജിൽ ആസിഫിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് സംഘടന വ്യക്തമാക്കി.

എം.ടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സീരീസിന്റെ ട്രെയ്‌ലർ ലോഞ്ച് വേളയിലാണ്, ആസിഫ് അലിയിൽ നിന്നും സംഗീതജ്ഞൻ രമേശ് നാരായണൻ നീരസത്തോടെ പുരസ്‌കാരം സ്വീകരിച്ചത്. രമേശ് നാരായണന്‍റെ പ്രവൃത്തിയിൽ വ്യാപക വിമർശനമുയരുകയാണ്. രമേശ് നാരായണനെ വിമർശിച്ചുകൊണ്ട് സിനിമ മേഖലയിൽ നിന്നുൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്.

സംഭവം വിവാദമായതോടെ രമേശ് നാരായണൻ വിശദീകരണം നൽകിയിരുന്നു. ബോധപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.

സീരീസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ഹ്രസ്വചിത്രത്തിന്റെ സംഗീത സംവിധാനം രമേശ് നാരായൺ ആയിരുന്നു നിർവഹിച്ചത്. ഇതിനായി അദ്ദേഹത്തെ പുരസ്‌കാരം നൽകി ആദരിക്കുകയായിരുന്നു. ആസിഫിന്റെ കയ്യിൽ നിന്നും പുരസ്‌കാരം സ്വീകരിച്ച രമേശ് നാരായൺ നടന്റെ മുഖത്ത് നോക്കിയില്ല എന്ന് മാത്രമല്ല, ഹസ്തദാനം നൽകാൻ പോലും വിസമ്മതിച്ചു. ശേഷം സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ കയ്യിലേക്ക് പുരസ്‌കാരം വച്ച് കൊടുത്ത ശേഷം അത് സ്വീകരിക്കുകയായിരുന്നു. പൊതുവേദിയിൽ വച്ച് ആസിഫ് അലിയെ അപമാനിക്കുന്ന തരത്തിലെ പെരുമാറ്റമായിരുന്നു രമേശ് നാരായണന്റേത് എന്ന് സോഷ്യൽ മീഡിയയിൽ പരക്കെ ആക്ഷേപം ഉയർന്നതോടെയാണ് വിശദീകരണവുമായി രമേശ് നാരായൺ രംഗത്തെത്തിയത്.

More Stories from this section

family-dental
witywide