പ്രശസ്ത മലയാള സിനിമാ സംവിധായകൻ മോഹൻ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഒരുവർഷം മുൻപ് മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലായിരുന്നു മോഹന്റെ പ്രീഡിഗ്രി പഠനം. മദ്രാസിലെ ജെയ്ൻ കോളജിൽ ബികോം പഠിക്കാൻ ചേർന്നതാണ് സിനിമയിലേക്കുള്ള വഴിയായത്. ക്രൈസ്റ്റിലെ ലോനപ്പന്‍ എന്ന അധ്യാപകൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഉദയ കൃഷ്ണന്‍കുട്ടിക്കും സ്റ്റില്‍ ഫൊട്ടോഗ്രഫർ പി.ഡേവിഡിനും മോഹനെ പരിയപ്പെടുത്തി. അച്ഛന്റെ ഒരു സുഹൃത്തു വഴിയാണ് പ്രശസ്ത സംവിധായകൻ എം.കൃഷ്ണന്‍ നായരെ പരിചയപ്പെട്ടത്. പഠനവും സിനിമയും ഒന്നിച്ചു കൊണ്ടു പോയ മോഹന്‍ സിനിമയുടെ എല്ലാ മേഖലയിലും പ്രവര്‍ത്തിച്ചു. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി.രാജ്, മധു, പി.വേണു, ഹരിഹരന്‍ എന്നിവരുടെയെല്ലാം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.
സംവിധാനം ചെയ്ത ചിത്രങ്ങൾ: വാടകവീട് (1978), ശാലിനി എന്റെ കൂട്ടുകാരി (1978), രണ്ടു പെൺകുട്ടികൾ (1978), സൂര്യദാഹം (1979), കൊച്ചു കൊച്ചു തെറ്റുകൾ (1979), വിടപറയും മുമ്പേ (1981), കഥയറിയാതെ (1981), നിറം മാറുന്ന നിമിഷങ്ങൾ (1982), ഇളക്കങ്ങൾ (1982), ഇടവേള (1982), ആലോലം (1982), രചന (1983), മംഗളം നേരുന്നു (1984), ഒരു കഥ ഒരു നുണക്കഥ (1986), തീർത്ഥം (1987), ശ്രുതി (1987), ഇസബല്ല (1988), മുഖം (1990), പക്ഷേ (1994), സഖ്യം (1995), അങ്ങനെ ഒരു അവധിക്കാലത്ത് (1999), ദ കാമ്പസ് (2005).