അബുദാബി: അബുദാബി ലുലുവിൽ നിന്ന് ഒന്നരക്കോടിയോളം രൂപ അപഹരിച്ച് മുങ്ങിയ ജീവനക്കാരനെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയപുരയിൽ മുഹമ്മദ് നിയാസി(38)നെയാണ് അറസ്റ്റ് ചെയ്തത്. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫിസ് ഇൻ ചാർജായിരുന്ന നിയാസ് പണവുമായി മുങ്ങുകയായിരുന്നു. തുടർന്ന് ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകി.
മാർച്ച് 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസ് ജോലിക്ക് വന്നില്ല, സഹപ്രവർത്തകരും ലുലു അധികൃതരുംഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫുമായിരുന്നു. തുടർന്ന് കൗണ്ടറിൽ നടത്തിയ പരിശോധനയിൽ ആറ് ലക്ഷം ദിർഹത്തിന്റെ കുറവ് കണ്ടെത്തി. ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നതിനാൽ നിയാസിന്റെ പാസ്പോർട്ട് കമ്പനിയായിരുന്നു സൂക്ഷിച്ചത്. അതു കൊണ്ട് നിയാസ് യുഎഇയിൽ നിന്ന് പോകാനുള്ള സാധ്യത കുറവാണെന്ന് അധികൃതർ പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ റെക്കോർഡ് വേഗത്തിൽ പ്രതിയെ പിടികൂടി.
നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. അബുദാബിയിൽ കുടുംബത്തോടൊപ്പമാണ് താമസം. സംഭവ ശേഷം ഭാര്യയും മക്കളും ആരെയും അറിയിക്കാതെ നാട്ടിലേക്ക് പോയിരുന്നു. നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകി. പ്രതിയെ വേഗത്തിൽ അറസ്റ്റ് ചെയ്ത അബുദാബി പൊലീസിന്റെ ജനറൽ കമാൻഡിന് ലുലു അധികൃതർ നന്ദി അറിയിച്ചു.
Malayalee arrested for theft money in Lulu hyper mall in Abudhabi