ട്രക്ക് അർജുന്‍റേത് തന്നെ, സ്ഥിരീകരിച്ചു; വെല്ലുവിളിയായി കാലാവസ്ഥ, കനത്തമഴയും അടിയൊഴുക്കും, നാവികസേന തത്കാലം മടങ്ങി, തിരച്ചിൽ ഇനിയെങ്ങനെ?

മംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ അവസാന ഘട്ടത്തിലേക്കെന്ന് സൂചന. ഷിരൂരിലെ ഗംഗാവലി പുഴയ്ക്കടിയിൽ നിന്ന് കണ്ടെത്തിയ ട്രക്ക് അര്‍ജുന്‍റേതാണെന്ന് കർണാടക പൊലീസടക്കം സ്ഥിരീകരിച്ചു. ട്രക്ക് നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്.

കരയില്‍ നിന്ന് ഏതാണ്ട് 40 മീറ്റര്‍ അകലെയാണ് ട്രക്ക് ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാ ദൗത്യത്തിന് സ്ഥലത്തെ കനത്ത മഴ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. മൂന്ന് ബോട്ടുകളിലായി 18 പേര്‍ അടങ്ങുന്ന നാവിക സംഘം നദിയിലേക്ക് പോയെങ്കിലും കനത്ത മഴ കാരണം തെരച്ചിൽ നടത്താൻ കഴിയാതെ തത്കാലം മടങ്ങി. ഇന്ന് രാത്രി വൈകിയായാലും തിരച്ചിൽ നടത്തുമെന്നാണ് നാവിക സേന വ്യക്തമാക്കുന്നത്.

നേരത്തെ അഡ്വാൻസ്ഡ് പോർട്ടൽ പോളാർ സിസ്റ്റം ഉപയോഗിച്ചുള്ള സ്കാനിങ്ങിലാണ് ഗംഗാവാലി നദിയിൽ നിന്ന് ട്രക്കിന്‍റെ സിഗ്നൽ ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ നാവിക സേന നടത്തിയ പരിശോധനയിൽ ഒരു ട്രക്ക് കണ്ടെത്തിയതെന്ന് കർണാടക മന്ത്രി കൃഷ്ണ ഭൈര ഗൗഡ വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide