ന്യൂയോർക്ക്: അയൺമാൻ റേസിൽ വിജയഗാഥ രചിച്ച് അമേരിക്കൻ മലയാളി യുവതിക. സോഫ്റ്റ്‌വെയർ ഉദ്യോഗസ്ഥയും പൈലറ്റുമായ ജൂലിയാണ് ഏവരെയും ഞെട്ടിച്ച് വിജയം രചിച്ചത്. അത്യന്തം കഠിനവും ദുഷ്കരവുമായ ദൗത്യമാണ് ട്രയാത്തലോൺ മത്സരങ്ങൾ.
ഏറ്റവും വിഷമം പിടിച്ചതാണ് അയൺമാൻ റേസ്. 3.8 കി.മീ നീന്തൽ, 180 കി.മീ ബൈക്കിങ്, 42.2 കി.മീ ഓട്ടം (മാരത്തൺ) എന്നിവ ഉൾപ്പെടുന്നതാണ് അയൺമാൻ റേസ്. ഇത് മൂന്നും ഒരേ ദിവസം തന്നെ പൂർത്തിയാക്കണം. രാവിലെ 7 മണിക്ക് ആരംഭിച്ച് അർദ്ധരാത്രി 12 മണിക്ക് റേസ് അവസാനിക്കും. 3 ഇവന്റുകളും പൂർത്തിയാക്കാൻ ആകെ 17 മണിക്കൂർ അനുവദിച്ചിട്ടുണ്ട്.
14 മണിക്കൂറും 2 മിനിറ്റുമെടുത്ത് ജൂലി ദൗത്യം പൂർത്തിയാക്കി. ന്യൂയോർക്കിലെ സിറാക്കൂസിൽ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പമാണ് ജൂലി വളർന്നത്. ബിങ്ഹാംടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം ഗൂഗിളിന്റെ ഡ്രോൺ ഡെലിവറി വിഭാഗമായ വിങിൽ ജോലി ചെയ്യുകയാണ്.
ചേർത്തല സ്വദേശിയായ പിതാവ് ഫ്രാൻസിസ് കുന്നുംപുറം സോഫ്റ്റ്‌വെയർ കമ്പനിക്കൊപ്പം മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ ബിസിനസ് നടത്തുന്നു. മാതാവ് ആൻസി കുന്നുംപുറം ഡോക്ടറാണ്. സഹോദരി എലിസബത്ത് കുന്നുംപുറം നഴ്‌സ് പ്രാക്ടീഷണറാണ്.