മീനങ്ങാടി: കുവൈത്തിൽ ജോലിക്കു പോയ യുവതി തൂങ്ങമരിച്ച നിലയിൽ. കടുത്ത പീഡനം കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. കാക്കവയൽ ആട്ടക്കര വീട്ടിൽ വിജയന്റെ ഭാര്യ അജിത (50)യാണ് മരിച്ചത്. മരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുൻപ് ബന്ധുവിനോടും സുഹൃത്തിനോടും താൻ പട്ടിണിയടക്കമുള്ള ദുരിതം അനുഭവിക്കുകയാണെന്ന് പറഞ്ഞിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
കുവൈത്തിലെ സുലൈബിയയിൽ, ജോലി ചെയ്തിരുന്ന വീട്ടിൽ അജിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി 19നാണു ബന്ധുക്കൾക്കു വിവരം കിട്ടിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭർത്താവ് വിജയനും മക്കളും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. അജിതയുടെ സാധനങ്ങൾ ഇനിയും തിരികെ ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. അജിതയ്ക്ക് ക്രൂരപീഡനം ഏൽക്കേണ്ടി വന്നുവെന്ന് മകൾ മിഥുഷ പറഞ്ഞു. ഒരു നേരം മാത്രമാണ് ഭക്ഷണം ലഭിച്ചിരുന്നത്. നിരന്തരം മർദനമേറ്റു. 6 മാസം മുൻപാണ് സാമ്പത്തിക ബാധ്യത തീർക്കാൻ അജിത എറണാകുളത്തെ ഏജൻസി വഴി സുലൈബിയയിലേക്ക് വീട്ടുജോലിക്കായി പോയത്. ഏപ്രിലിൽ സ്പോൺസറുമായി ചില പ്രശ്നങ്ങളും തർക്കങ്ങളുമുണ്ടായി.
ജോലിക്കു നിന്നിരുന്ന വീട്ടിലെ സ്ത്രീയുടെ മകളുടെ വീട്ടിലേക്ക് അജിതയെ മാറ്റി. ഇവിടെ വച്ചാണ് അജിതയ്ക്ക് പീഡനം ഏൽക്കേണ്ടി വന്നത്. ഇക്കാര്യം ഭർത്താവിനോടോ മക്കളോടോ അജിത പറഞ്ഞില്ല. അവസാനം ഫോണിൽ വിളിച്ചപ്പോൾ നാട്ടിലേക്ക് തിരിച്ചു വരാനുള്ള തയാറെടുപ്പിലാണെന്നാണു മക്കളോട് പറഞ്ഞത്. പിന്നീട് വിളിക്കുകയോ സന്ദേശങ്ങൾ അയയ്ക്കുകയോ ചെയ്തില്ല. എന്നാൽ 19 ആയിട്ടും ഫോണിൽ ലഭിച്ചില്ലെന്നും അവിടെനിന്ന് മടങ്ങിയിട്ടില്ലെന്നും അറിയാൻ കഴിഞ്ഞു. പിന്നീട് ട്രാവൽസിൽനിന്നു മിഥുഷയുടെ ഫോണിലേക്ക് വിളിയെത്തുകയും 17ന് അജിത മരിച്ചതായി അറിയിക്കുകയായിരുന്നു.
Malayali home maid woman dies in Kuwait, family alleges foul play