വത്തിക്കാൻ: ഒരു മലയാളി വൈദികനെ കർദിനാൾ പദവിയിലേക്ക് ഉയർത്തിക്കൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം. സിറോ മലബാർ സഭാംഗവും ചങ്ങനാശേരി അതിരൂപതയിൽനിന്നുള്ള മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്. പുതുതായി പ്രഖ്യാപിച്ച കർദിനാൾമാരുടെ പട്ടികയിലാണ് മലയാളി വൈദികനും ഇടം പിടിച്ചത്. വത്തിക്കാനിൽ നടന്ന ചടങ്ങിലായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം. പുതിയ കർദിനാൾമാരുടെ സ്ഥാനാരോഹണം ഡിസംബർ 8 ന് നടക്കുമെന്നും വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.
നിലവിലെ വത്തിക്കാനിൽ മാർപ്പാപ്പയുടെ ഔദ്യോഗിക സംഘത്തിൽ അംഗമാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്. ചങ്ങനാശേരി മാമ്മൂട് ലൂർദ് മാതാ പളളി ഇടവകാംഗം കൂടിയാണ് ഇദ്ദേഹം. വത്തിക്കാൻ പൊതുകാര്യങ്ങൾക്കു വേണ്ടിയുള്ള വിഭാഗത്തിലാണ് നിയമനം.
കർദിനാൾ ജോർജ് ആലഞ്ചേരിക്കും കർദിനാൾ ബസേലിയോസ് ക്ലീമിസിനും പുറമേയാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനും കത്തോലിക്കാ സഭയുടെ ഉന്നത പദവി ലഭിക്കുന്നത്. സിറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപതംഗമായ നിയുക്ത കർദിനാൾ 2006 മുതൽ വത്തിക്കാനിലാണ് സേവനം ചെയ്യുന്നത്. വത്തിക്കാന്‍റെ ഔദ്യോഗിക സംഘത്തിൽ അംഗമായ മോൺസിഞ്ഞോർ ജോർജ് കൂവക്കാടാണ് മാർപ്പാപ്പയുടെ വിദേശയാത്രകളടക്കമുളളവ ക്രമീകരിക്കുന്നതിന്‍റെ ചുമതല വഹിച്ചുവന്നിരുന്നത്.