56 വർഷം മുമ്പ് വിമാനാപകടത്തിൽ കാണാതായ മലയാളി സൈനികന്‍റെ ഉൾപ്പെടെ 4 മൃതദേഹങ്ങൾ വീണ്ടെടുത്തു

പത്തനംതിട്ട: 56 വർഷം മുമ്പ് വിമാനാപകടത്തിൽ കാണാതായ ഇലന്തൂർ സ്വദേശിയായ സൈനികന്‍റെ ഉൾപ്പെടെ 4 സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ റൊത്താങ്പാസിൽ 1968ലുണ്ടായ സൈനിക വിമാന അപകടത്തിൽപ്പെട്ട് മരിച്ചവരാണ് ഇവർ. 102 പേരുമായി പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അന്ന് കൊന്നപ്പെട്ട 9 പേരുടെ മൃതദേഹം ആ അവസരത്തിൽ തന്നെ കിട്ടിയിരുന്നു. ബാക്കി എല്ലാവരേയും കിട്ടാനുണ്ട്. അതിൽ ഇനിയും മലയാളികളുണ്ട്.

ഇലന്തൂർ ഒടാലിൽ ഒ.എം. തോമസിന്‍റെ മകൻ തോമസ് ചെറിയാന്‍റെ മൃതദേഹമാണ് കഴിഞ്ഞദിവസം ലേ ലഡാക് മഞ്ഞുമലകളിൽനിന്ന് കണ്ടെത്തിയത്.

1968ലാണ് തോമസ് ചെറിയാനെ കാണാതായത്. അന്ന് 22 വയസ്സായിരുന്നു. പത്തനംതിട്ട കാതോലിക്കറ്റ് സ്കൂളിൽനിന്ന് എസ്.എസ്.എൽ.സിയും കോളജിൽനിന്ന് പ്രീ-യൂനിവേഴ്സിറ്റിയും പൂർത്തിയാക്കിയ തോമസ് സൈന്യത്തിൽ ചേരുകയായിരുന്നു. ലഡാക്കിൽനിന്ന് ലേ ലഡാക്കിലേക്ക് പോകവെയാണ് വിമാനം തകർന്ന് കാണാതായത്. അപകടത്തിൽ നിരവധിപേരെ കാണാതായിരുന്നു.

തോമസിന്‍റെ ഭൗതികശരീരം കണ്ടെത്തിയ വിവരം സൈനിക ഉദ്യോഗസ്ഥർ ഇലന്തൂരിലെ വീട്ടിൽ അറിയിച്ചു. അവിവാഹിതനായിരുന്നു തോമസ്. മാതാവ്: ഏലിയാമ്മ. തോമസ് തോമസ്, തോമസ് വർഗീസ്, മേരി വർഗീസ്, പരേതനായ തോമസ് മാത്യു എന്നിവർ സഹോദരങ്ങളാണ്. ഭൗതികശരീരം ഇലന്തൂരിൽ എത്തിച്ച് സെന്‍റ് പീറ്റേഴ്സ് ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയിൽ സംസ്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

More Stories from this section

family-dental
witywide