ടെൽഅവീവ്: ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രയേൽ ചരക്ക് കപ്പലിൽ ഒരു മലയാളി യുവതിയും കുടുങ്ങിക്കിടക്കുന്നു. തൃശൂർ വെളുത്തൂർ സ്വദേശി ആന്‍റസ ജോസഫാണ് കപ്പലിലുള്ളതെന്നാണ് വിവരം. ആന്‍റസയുടെ അച്ഛൻ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ട്രെയിനിംഗിന്‍റെ ഭാഗമായി ഒമ്പതുമാസമായി കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു ആന്‍റസയെന്നും മകളുടെ കാര്യത്തിൽ വലിയ ആശങ്ക ഉണ്ടെന്നും അച്ഛൻ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടുകാരുമായി ആന്‍റസ അവസാനമായി സംസാരിച്ചതെന്നും കമ്പനി അധികൃതർ മകൾ സുരക്ഷിതയാണെന്ന് അറിയിച്ചതായും അച്ഛൻ വ്യക്തമാക്കി. മുഖ്യമന്ത്രി കേന്ദ്രത്തിനയച്ച കത്തിൽ മകളുടെ പേരില്ലാത്തത് ദുഃഖമുണ്ടാക്കിയെന്നും കപ്പൽ ജീവനക്കാരെ കാണാൻ ഇന്ത്യൻ അധികൃതർക്ക് ഇറാൻ അനുമതി നൽകിയത് ആശ്വാസമാണെന്നും അച്ഛൻ പറഞ്ഞു.