മാലിദ്വീപിൽ ഇന്ന് തിരഞ്ഞെടുപ്പ്; പ്രസിഡന്റ് മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടിന്റെ ഭാവി ജനം നിശ്ചയിക്കും

മാലി: പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ ഇന്ത്യാ വിരുദ്ധ നയത്തിൽ മാലിദ്വീപ് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഞായറാഴ്ച വോട്ടുചെയ്യും. ഇന്ത്യയുമായി തർക്കങ്ങൾ ആരംഭിച്ചതിന് ശേഷം മാലിദ്വീപ് ചൈനയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പി.എന്‍.സി.) നേതാവായ മുയിസു അധികാരത്തിലെത്തിയത്.

കാലങ്ങളായി ഇന്ത്യയോടു ചേര്‍ന്നു നില്‍ക്കുന്ന വിദേശനയമായിരുന്നു മാലദ്വീപ് തുടര്‍ന്നിരുന്നത്. എന്നാല്‍ മുയിസു അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നയങ്ങള്‍ സ്വീകരിക്കുകയായിരുന്നു. മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈനികരെ പുറത്താക്കാനുള്ള നിർണായക തീരുമാനം ഉൾപ്പെടെ അദ്ദേ​ഹം സ്വീകരിച്ചു.

പ്രധാന പ്രതിപക്ഷവും ഇന്ത്യാ അനുകൂല പാർട്ടിയുമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) ഭൂരിപക്ഷം നേടുമെന്ന് ഇന്ത്യൻ സർക്കാർ പ്രതീക്ഷിക്കുന്നു. ഭരണപക്ഷമായ പീപ്പിൾസ് നാഷണൽ കോൺ​ഗ്രസും പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രോറ്റിക് പാർട്ടിയുമാണ് പ്രധാന മത്സരം.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന 1192 ദ്വീപുകളുടെ ശൃംഘലയാണ് മാലദ്വീപ്. വിനോദസഞ്ചാരം, രാജ്യാന്തരകപ്പല്‍ച്ചാലിന്റെ സാന്നിധ്യം തുടങ്ങിയ നിരവധി പ്രാധാന്യങ്ങള്‍ മാലദ്വീപിനുണ്ട്. ഇന്ത്യ-ചൈന ഭൗമരാഷ്ട്രീയ ഭൂപടത്തിലും മാലദ്വീപിന് നിര്‍ണായക സ്ഥാനമാണുള്ളത്.

More Stories from this section

family-dental
witywide