മാലെ: ദ്വീപ് രാഷ്ട്രത്തിന്റെ കടം തിരിച്ചടവ് ലഘൂകരിച്ചതിന് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു. ഇന്ത്യയും മാലിയും തമ്മിൽ ശക്തമായ ബന്ധം സ്ഥാപിക്കുകയും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുകയും ചെയ്യുമെന്ന പ്രതീക്ഷയും മുയിസു പങ്കുവച്ചു. മാലിദ്വീപിന്റെ സ്വാതന്ത്ര്യദിന ചടങ്ങിലാണ് മുയിസുവിന്റെ പ്രഖ്യാപനം. തൻ്റെ പ്രസംഗത്തിനിടെ, ഭരണകൂടത്തിൻ്റെ വിദേശ നയത്തെ അദ്ദേഹം പ്രശംസിച്ചു.
മാലിദ്വീപിൻ്റെ കടം തിരിച്ചടവ് ലഘൂകരിക്കുന്നതിനും അതുവഴി സാമ്പത്തിക പരമാധികാരം ഉറപ്പാക്കാൻ രാജ്യത്തെ പ്രാപ്തരാക്കുന്നതിനുമുള്ള പിന്തുണക്ക് പ്രസിഡൻ്റ് മുയിസു ഇന്ത്യയ്ക്കും ചൈനയ്ക്കും നന്ദി അറിയിച്ചു. യുഎസ് ഡോളറിൻ്റെ പ്രാദേശിക ക്ഷാമം പരിഹരിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, ഇന്ത്യയുമായും ചൈനയുമായും കറൻസി സ്വാപ്പ് കരാറുകൾ സംബന്ധിച്ച് മാലദ്വീപ് സർക്കാർ ചർച്ചകൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കടക്കെണിയുമായി ബന്ധപ്പെട്ട് അപകടസാധ്യത നേരിടേണ്ടിവരുമെന്ന് മാലദ്വീപിനു രാജ്യാന്തര നാണയ നിധി മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് ഇന്ത്യയുമായി മുയിസു സർക്കാർ അനുരഞ്ജന നയം സ്വീകരിച്ചത്. നേരത്തേ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഇടക്കുവച്ച് മോശമായിരുന്നു.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുയിസു പങ്കെടുത്തതോടെ മഞ്ഞുരുകി. ഇന്ത്യാവിരുദ്ധ പ്രചാരണം ശക്തിപ്പെടുത്തിയാണു മുയിസു അധികാരത്തിലെത്തിയത്. ഇന്ത്യൻ സേനയെ ദ്വീപിൽനിന്ന് ഒഴിപ്പിക്കുമെന്ന് അധികാരത്തിൽ എത്തിയതിനു പിന്നാലെ മുയിസു പ്രഖ്യാപിച്ചു. ഈ വർഷം മേയിലാണ് ഇന്ത്യൻ സൈനികർ മാലദ്വീപിൽനിന്ന് പൂർണമായും പിൻവാങ്ങിയത്.