ന്യൂഡൽഹി: മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ഉടൻ തന്നെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലേക്ക് എത്തുമെന്ന് അദ്ദേഹത്തിൻ്റെ വക്താവ് ചൊവ്വാഴ്ച പറഞ്ഞു. ജനുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട മൂന്ന് മന്ത്രിമാരിൽ രണ്ടുപേരായ മറിയം ഷിയുനയും മൽഷ ഷെരീഫും ചൊവ്വാഴ്ച രാജിവച്ചതായും മാലിദ്വീപ് അറിയിച്ചു.
മോദിക്കും മുയിസുവിനും സൗകര്യപ്രദമായ തീയതി ഇരുപക്ഷവും ചർച്ച ചെയ്യുന്നതിനാൽ മുയിസുവിൻ്റെ ഇന്ത്യാ യാത്രയുടെ കൃത്യമായ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പ്രസിഡൻ്റിൻ്റെ ഓഫീസിലെ മുഖ്യ വക്താവ് ഹീന വലീദ് പറഞ്ഞു.
2023 നവംബറിൽ പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്തതിനുപിന്നാലെ മാലദ്വീപിലുള്ള ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടതോടെ ഇരുരാജ്യവും തമ്മിലുള്ള ബന്ധം മോശമായിരുന്നു. തുടർന്ന് മുഴുവൻ സൈനികരെയും പിൻവലിച്ച് ഇന്ത്യ സിവിലിയൻ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെ മാലദ്വീപ് എം.പി.മാരടക്കം ഇന്ത്യക്കെതിരേ വൻ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയ രണ്ട് ജൂനിയർ മന്ത്രിമാർ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് മുയിസു ഇന്ത്യ സന്ദർശിച്ചേക്കുമെന്ന പ്രഖ്യാപനം വരുന്നത്. വിവാദ പരാമർശങ്ങളുടെ പേരിൽ രണ്ടു മന്ത്രിമാരേയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ രാജി സമർപ്പിച്ചത്.